ഇരിട്ടി: തലശ്ശേരി - മൈസൂർ അന്തർസംസ്ഥാന പാതയുടെ ഭാഗവും കർണ്ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം - പെരുമ്പാടി ചുരം പാത യാത്രക്കാർക്ക് ദുരിത പാതയായി മാറി. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഓടിക്കാൻ വയ്യാത്തവിധം അതീവ ദുർഘടാവസ്ഥയിലായി. ആറുമാസം മുൻമ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയിൽ നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് യാത്രക്കാർ.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകർന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്.
കഴിഞ്ഞ കാലവർഷത്തിന് മുൻമ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകർച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുൻപ് റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുയും പ്രവർത്തി ഉദ്‌ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരൻ പണി നിർത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാല വർഷം വീണ്ടും മുന്നിലെത്തി നിൽക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കിൽ റോഡിൽ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക.
രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്. വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുൻമ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.
പാടേ തകർന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്കരമായതോടെ ഗതാഗതം പാടെ നിർത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വർഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡിൽ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾപോലും റോഡിൽ നടന്നിട്ടില്ല. പരാതികൾ ഉയരുമ്പോൾ വലിയ കുഴികൾ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്.
അന്തർ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാന വർധനവും ഈ പാതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വലിയ കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണ വേലികളും പൂർണ്ണമായും തകർന്നു. ഏറെയും മലയാളികൾ കടന്നു പോകുന്ന റോഡിൽ വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇരു വശങ്ങളിലേക്കും പോകാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
Post a Comment