തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖരന്‍ ചുമതലയേറ്റു. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സിലില്‍ പ്രഹ്‌ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രതിനിധി സമ്മേ്‌ളനത്തില്‍ പഴയ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പതാക കൈമാറി. ഇന്നലെയായിരുന്നു രാജീവ് ചന്ദ്രശേഖരനെ ബിജെപി അദ്ധ്യക്ഷനായി സംസ്ഥാനഘടകം തെരഞ്ഞെടുത്തത്.
ഒറ്റക്കെട്ടായാണ് രാജീവ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അധികാരത്തില്‍ എത്താന്‍ കഴിയട്ടെയെന്നും പ്രഹ്‌ളാദ് ജോഷി ആശംസിച്ചു. കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്നും ബിജെപിയ്ക്ക് കേരളത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന്ും കൈവച്ച മേഖലകളിലെല്ലാം വിജയം കൊയ്തയാളായ രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് കരുത്താകുമെന്നും പത്തുവര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ വളര്‍ച്ചയാണ് ബിജെപി നേടിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളരാഷ്ട്രീയത്തില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്. ഇന്നലെ ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനുമടക്കം പങ്കെടുത്ത ചടങ്ങിലാണ് രാജീവ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തത്. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ?ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം ബി.ജെ.പിക്ക് വര്‍ക്കിങ് പ്രസിഡന്റ് വരുമോ എന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ബിസിനസ് താല്‍പ്പര്യമുള്ള ഒരിക്കലും മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാന്‍ താല്‍പ്പര്യമില്ലാത്ത രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ അധ്യക്ഷനാകുന്ന സാഹചര്യത്തിലാണ് ഇത്തരം അഭ്യൂഹം ശക്തമാകുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ടിരുന്ന എം.ടി രമേശോ ശോഭാ സുരേന്ദ്രനോ വര്‍ക്കിങ് പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ മാത്രമേ ഇത്തരമൊരു പദവി കേരളത്തിലെ ബി.ജെ.പിയില്‍ വരൂ.
സാധാരണ ഗതിയില്‍ ബി.ജെ.പിയില്‍ വര്‍ക്കിങ് പ്രസിഡന്റ് എന്ന കീഴ് വഴക്കമില്ല. വര്‍ക്കിങ് പ്രസിഡന്റായില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകും. എം.ടി രമേശിനും സ്ഥാനമുണ്ടാകും. മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരന്‍ ബി.ജെ.പിയുടെ ദേശീയ നേതൃമുഖമാകുമെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് മാറുന്നതോടെ ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പ്രചാരകനെ ആര്‍.എസ്.എസ് നിയോഗിക്കുമോ എന്നും അറിയേണ്ടതുണ്ട്. സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് ആര്‍.എസ്.എസിലേക്ക് മടങ്ങിയിരുന്നു.
Post a Comment