Join News @ Iritty Whats App Group

ഒരു രസത്തിന് ശരീരം പൂര്‍ണ്ണമായും എംആർഐ സ്കാൻ ചെയ്തു; റിപ്പോര്‍ട്ട് കണ്ട് യുവതി ഞെട്ടി


പലപ്പോഴും പല രോഗാവസ്ഥകളും വർഷങ്ങളോളം നമ്മുടെ ശരീരത്തിനുള്ളിൽ മറഞ്ഞിരിക്കാറുണ്ട്. അത്രമേൽ ഗുരുതരമായി കഴിയുമ്പോൾ മാത്രമാണ് അവയിൽ പലതും പലവിധങ്ങളായ രോഗലക്ഷണങ്ങളിലൂടെ നമുക്ക് വെളിപ്പെടുക. അതുകൊണ്ടുതന്നെ ഗുരുതരമായ ഒരു രോഗത്തെ ഉള്ളിൽ പേറുമ്പോഴും സ്വയം പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നമ്മൾ കരുതാറുണ്ട്. ഏതാനും ദിവസങ്ങൾ മുൻപ് ഒരു തമാശയ്ക്ക് വേണ്ടി എംആർഐ സ്കാനിങ് നടത്തിയ യുവതിയുടെ ജീവിതത്തിലും സംഭവിച്ചത് ഇത്തരത്തിൽ ഒരു അവസ്ഥയാണ്.



സാറാ ബ്ലാക്ക്ബേൺ എന്ന യുവതിയാണ് തന്‍റെ ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും ദൗർഭാഗ്യകരമായ നിമിഷം വിവരിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ താൻ പൂർണ്ണമായും ആരോഗ്യവതിയാണെന്ന് തോന്നിയതായും, നന്നായി ഉറങ്ങിയിരുന്നുവെന്നും, നല്ലൊരു ജീവിതം നയിച്ചിരുന്നുവെന്നും സാറ പറയുന്നു. പെട്ടെന്നുണ്ടായ ഒരു തോന്നലിലാണ് അവൾ ഒരു എംആർഐ സ്കാൻ ചെയ്യാൻ തീരുമാനിച്ചത്. പൂർണ്ണ ശരീര സ്കാൻ വാഗ്ദാനം ചെയ്യുന്ന പ്രിനുവോ എന്ന കമ്പനിയാണ് സാറയ്ക്ക് എംആർഐ ചെയ്തത്. ഈ തരത്തിലുള്ള എംആർഐക്ക് മറഞ്ഞിരിക്കുന്ന രോഗങ്ങൾ കണ്ടെത്താനും, 60 മിനിറ്റ് നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശരീരത്തെക്കുറിച്ചുള്ള ദശലക്ഷക്കണക്കിന് ഡാറ്റ പോയിന്‍റുകൾ പിടിച്ചെടുക്കാനും കഴിയും. 



കുടുംബത്തിൽ കാൻസർ രോഗത്തിന്‍റെ ചരിത്രം ഉണ്ടായിരുന്നെങ്കിലും, സാറ എപ്പോഴും താൻ ആരോഗ്യവതിയാണെന്നാണ് കരുതിയത്. സ്കാനിങ് നടത്തി നാല് ദിവസത്തിന് ശേഷം റിപ്പോർട്ട് വന്നപ്പോൾ, അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി. പ്ലീഹയിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികൾ വീർക്കുന്ന ഒരു അവസ്ഥയായ സ്പ്ലീനിക് ആർട്ടറി അന്യൂറിസം എന്ന രോഗാവസ്ഥയിലൂടെയാണ് സാറ കടന്നു പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്. രക്തം ശുദ്ധീകരിച്ച് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്തരികാവയവമാണ് പ്ലീഹ. ഒരു വ്യക്തിക്ക് പ്ലീഹ ഇല്ലാതെ ജീവിക്കാൻ കഴിയും എന്നതിനാൽ ഡോക്ടർമാർ അവളുടെ പ്ലീഹ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സാറ ഇപ്പോൾ വിശ്രമത്തിലാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group