മണ്ഡല പുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കരിങ്കൊടി കാണിക്കുമെന്ന് ബിജെപി. സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധംനടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഭരണാധികാരികളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വരവേല്‍ക്കുന്നതില്‍ പ്രതിഷേധിച്ചുകൂടിയാണ് സമരമെന്ന് ബിജെപി പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കര്‍ണാടക ഉപമുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധങ്ങളുണ്ടാകുമെന്ന് അദേഹം പറഞ്ഞു. ബിജെപി സമരം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിമാര്‍ വന്നിറങ്ങുന്ന ചെന്നൈ വിമാനത്താവളത്തിന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു.
മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ മേഖലകളിലും പരാജയപ്പെട്ട ഡിഎംകെ സര്‍ക്കാര്‍ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ വിഷയം ഉയര്‍ത്തി നാടകം കളിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
ഇന്നു രാവിലെ 10 മണിക്ക് മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും സ്വന്തം വീടിനുമുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്ന് അണ്ണാമലൈ ആഹ്വാനംചെയ്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് എതിരുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കാവേരിയില്‍നിന്ന് വെള്ളം വിട്ടുനല്‍കുന്നതിനെ എതിര്‍ക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സ്റ്റാലിന്‍ ചുവപ്പു പരവതാനി വിരിച്ച് വരവേല്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കരിങ്കൊടി സമരം നടത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
അതേസമയം, തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) നടത്തുന്ന മദ്യവില്പനശാലയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം ഒട്ടിച്ചതിന് സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തിരുപ്പൂര്‍ വീരപാണ്ടി പോലീസ് കേസെടുത്തു.
തിരുപ്പൂര്‍ ഇടുവംപാളയം-മുരുഗംപാളയം റോഡിലുള്ള മദ്യവില്പനശാലയില്‍ പടം ഒട്ടിച്ചതിനാണ് സംസ്ഥാന സെക്രട്ടറി മലര്‍ക്കൊടി, ഗീതലക്ഷ്മി, കേശവന്‍, ദിനേശ് ചക്രവര്‍ത്തി, ഭാനുമതി എന്നിവര്‍ക്കെതിരേ കേസെടുത്തത്.
Post a Comment