Join News @ Iritty Whats App Group

ആശ വര്‍ക്കര്‍ ഓണറേറിയം ;മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കൂടി പിന്‍വലിച്ച് ഉത്തരവിറക്കി. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം നേരത്തെ പിന്‍വലിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ ഓണറേറിയം ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതിനിടെ ആശമാര്‍ സമരം ശക്തമാക്കിയതോടെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. 12-ാം തീയതിയാണ് ഉത്തരവിറക്കിയത്.



നിലവില്‍ പ്രതിമാസം 7000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി ലഭിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാലാണ് ഓണറേറിയമായ 7000 രൂപ ലഭിക്കുക. എന്നാല്‍ ഇനി മുതല്‍ ഓണറേറിയം ലഭിക്കാന്‍ മാനദണ്ഡങ്ങളുണ്ടാവില്ല. ഒപ്പം ഭവന സന്ദര്‍ശനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിമാസം നല്‍കിവരുന്ന ഫിക്സഡ് ഇന്‍സെന്റീവായ 3000 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയിട്ടുണ്ട്.



അതേസമയം ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരം പുരോഗമിക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉപരോധ സമരം നടത്തുന്നത്. പരിശീലനത്തിന്റെ പേരില്‍ എന്‍എച്ച്എം പുറത്തിറക്കിയ ഉത്തരവ് ബഹിഷ്‌കരിച്ച് വിവിധ ജില്ലകളില്‍നിന്ന് ആശാവര്‍ക്കര്‍മാര്‍ സമരത്തിന് എത്തിച്ചേര്‍ന്നു.

Post a Comment

Previous Post Next Post