Join News @ Iritty Whats App Group

ആറളം ഫാം എച്ച്‌എസ്‌എസില്‍ പരീക്ഷ എഴുതാതെ വിദ്യാര്‍ഥികള്‍

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ഇത്തവണ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ പരീക്ഷ എഴുതാൻ നിരവധി കുട്ടികള്‍ എത്തിയില്ല.



മുൻ വർഷങ്ങളില്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയ്ക്ക് ഒരുമാസം മുന്പ് വിദ്യർഥികളെ അധ്യാപകരും പിടിഎ അംഗങ്ങളും മുൻകൈ എടുത്ത് സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്ബുകളില്‍ എത്തിച്ചാണ് പരീക്ഷ എഴുതിച്ചിരുന്നത്.



എന്നാല്‍ ഇത്തവണ പ്ലസ് ടു കുട്ടികള്‍ക്ക് ക്യാമ്ബ് സംഘടിപ്പിച്ചിരുന്നില്ല. പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളുടെ തുടർ പഠനം ലക്ഷ്യമിട്ട് 2019 ലാണ് ഇവിടെ പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകള്‍ അനുവദി ച്ചത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ ആണ് അഡ്മിഷൻ നല്‍കിയത്. ആദ്യ ബാച്ചില്‍ 70 ശതമാനം പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർഥികളും 30 ശതമാനം ജനറല്‍ വിഭാഗത്തിലുമുള്ള വിദ്യാർഥികളാണ് ഇവിടെ അഡ്മിഷൻ നേടിയത്.



രണ്ട് വിഷയങ്ങളിലും ആയി 130 വിദ്യാർഥികള്‍ക്കാണ് അഡ്മിഷൻ നല്‍കുക. 2019 -21 അധ്യായന വർഷം 38ശതമാനം ആയിരുന്നു വിജയം 21- 23 അധ്യായന വർഷം 35 ശതമാനവും 22 -24 അധ്യായന വർഷം 27 ശതമാനവും മാത്രമാണ് ഇവിടെ വിജയം. വിദ്യാർഥികളുടെ പരീക്ഷയെഴുത്തിന്‍റെ കണക്ക് ഇത്തവണ ഞെട്ടിക്കുന്നതാണ്.



2024-2026 അധ്യായന വർഷത്തെ അഡ്മിഷൻ 96 വിദ്യാർഥികളാണ്. ഇതില്‍ മറ്റ് സ്കൂളുകളിലേക്ക് മാറിപ്പോയവർ കഴിച്ചാല്‍ 84 വിദ്യാർഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ രജിസ്റ്റർ ചെയ്തവരില്‍ 61 വിദ്യാർഥികള്‍ മാത്രമാണ് പ്ലസ് വണ്‍ വിഷയങ്ങളില്‍ ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ 10 പേർ സ്ക്രൈബ് പരീക്ഷ എഴുതുന്നവരാണ്.



മൂന്ന് പരീക്ഷ കഴിഞ്ഞതോടെ 23 കുട്ടികള്‍ പരീക്ഷയെഴുതാൻ സ്കൂളില്‍ എത്തിയിട്ടില്ല. ഇവരില്‍ ഭൂരിഭാഗവും പുനരധിവാസ മേഖലയില്‍ താമസക്കാരാണ്. പ്ലസ് ടു വിഷയങ്ങളില്‍ 65 പേർ രജിസ്റ്റർ ചെയ്തതില്‍ 64 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ആകെ അഡ്മിഷൻ 130 ആണെങ്കിലും പല കാരണങ്ങളാല്‍ വിദ്യാർഥികള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഹയർ സെക്കൻഡറി വിഭാഗത്തിലും സംഭവിച്ചിട്ടുണ്ട് .



2023 - 25 അധ്യാന വർഷത്തെ ആകെ അഡ്മിഷൻ 88 ആയിരുന്നു. അടിസ്ഥാന സൗകര്യത്തിന്‍റെ കുറവും സ്ഥിരം അധ്യാപകരെ നിയമിക്കാത്തതും കുട്ടികള്‍ പരീക്ഷയ്ക്ക് എത്താത്തതും കൊഴിഞ്ഞു പോക്കിനും കാരണമായിട്ടുണ്ട്. ഏഴ് സീനിയർ അധ്യാപകരും ഒരു പ്രിൻസിപ്പലും മൂന്ന് ജൂണിയർ അധ്യാപകരും അടക്കം 11 അധ്യാപക തസ്തികയാണ് സ്കൂളില്‍ ഉള്ളത്.



എന്നാല്‍ ഒരു പ്രിൻസിപ്പല്‍ തസ്തികയില്‍ മാത്രമാണ് നിയമനം നടന്നിരിക്കുന്നത്. മറ്റ് തസ്തികയില്‍ അധ്യാപകരെ നിയമിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല. സ്ഥിരം അധ്യാപകർ ഇല്ലാത്തത് സ്കൂളിന്‍റെ പ്രവർത്തങ്ങള്‍ താളം തെറ്റാൻ കാരണമായി. ലാബ് സൗകര്യങ്ങളോ കെട്ടിട സൗകര്യ ങ്ങളോ ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിനായി കോടികള്‍ മുടക്കി കെട്ടിടം പണി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അവിടെ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ ഒരു ഇടപെടലും ഹയർ സെക്കൻഡറി വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.



പരീക്ഷാക്കാലമായതോടെ താത്കാലിക അധ്യാപകരുടെ സേവനം അവസാനിച്ചെങ്കിലും. ചിലരെങ്കിലും ശമ്ബളം ഇല്ലാതെ സ്കൂളിലെത്തി വിദ്യാർഥികളെ പരീക്ഷക്കൊരുക്കുന്നതിന് വേണ്ടിയിട്ടുള്ള ഇടപെടല്‍ ഇപ്പോഴും നടത്തുന്നുണ്ട്. 2020 ല്‍ നിയമിച്ച പ്രിൻസിപ്പല്‍ വിരമിക്കാൻ ആറുമാസം മാത്രം ബാക്കി നില്ക്കെ ഹൈസ്കൂള്‍ മുഖ്യാധ്യാപകന് പ്രിൻസിപ്പലിന്‍റെ അധിക ചുമതല നല്കിയിരിക്കു കയാണ്. നിലവില്‍ പ്രിൻസിപ്പാള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിനും സ്ഥലംമാറ്റം ലഭിച്ചിരിക്കുകയാണ്. പട്ടികവർഗ വിദ്യാർഥികളുടെ തുടർപഠനം ലക്ഷ്യമിട്ട് ആരംഭിച്ച സ്കൂള്‍ പരിമിതികളില്‍ നിന്നും പരിമിതിയിലേക്ക് കൂപ്പ് കുത്തുകയാണ് .

Post a Comment

Previous Post Next Post