ഇ ഡി രാഷ്ട്രീയ പ്രേരിതമായി ഇടപെടൽ നടത്തുന്ന ഏജൻസി അതിന്റെ ഏറ്റവും നല്ല തെളിവാണ് കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തന്നെ തിരുത്തിയെഴുതി. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തന്നെ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടും തിരൂർ സതീഷിൻെറ മൊഴി എടുക്കാൻ പോലും ഇ ഡി തയ്യാറായില്ല ഇത് വിചിത്രമാണ്, എം വി ഗോവിന്ദൻ പ്രതികരിച്ചു.
കൊടകര കുഴൽപ്പണ കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇ ഡിയുടെ കുറ്റപത്രമെന്നും ഇ ഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രമെന്നും അദ്ദേഹം പറഞ്ഞു.കുഴൽപ്പണക്കേസിൽ കോൺഗ്രസും ബിജെപിയും എല്ലാം ഇ ഡിയുടെ സംരക്ഷണയിലാണ്. അവർക്കെല്ലാം ഒരു എതിരാളിയെ ഉള്ളൂ അത് സിപിഐഎമ്മാണ്. എന്തു കേട്ടാലും ഒരു ഉളുപ്പുമില്ലാത്ത ഏജൻസിയാണ് ഇ ഡി.കോടതികളിൽ നിന്ന് സ്ഥിരമായി വിമർശനം കേട്ടിട്ടും ഒരു മാറ്റവുമില്ല.
സംസ്ഥാന സർക്കാർ വസ്തുതകളെല്ലാം വെളിച്ചത്ത് കൊണ്ടുവന്നുവെങ്കിലും കേസ് അന്വേഷിച്ച ഇ ഡി അതെല്ലാം അട്ടിമറിക്കുകയായിരുന്നു. കളളപ്പണ കേസിന്റെ രൂപം തന്നെ മാറി. ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് ഭൂമി വാങ്ങാൻ പണം കൊണ്ടുവന്നതാണ് എന്നാണ് പുതിയ ഭാഷ്യം. ഇത് ബിജെ പിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിന് വേണ്ടിയാണ്.
കരുവന്നൂർ ബാങ്ക് കേസിൽ സിപിഐഎമ്മിനെ കുരുക്കാൻ ഇ ഡി ശ്രമിച്ചു. തെറ്റായ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അവർ നൽകിക്കൊണ്ടിരുന്നത്. തികച്ചും തെറ്റായ കാര്യങ്ങൾ മുന്നോട്ട് വെച്ച് സിപിഐഎമ്മിനെതിരെ നീങ്ങാൻ ഒരു മനസാക്ഷി കുത്തും ഇഡിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ കുഴൽപ്പണക്കേസിൽ അവർ ബിജെപിയെ രക്ഷിക്കുകയാണ് ചെയ്തത് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇ ഡിയുടെ വിശ്വാസ്യത ജനങ്ങൾ തുറന്ന് കാണിക്കും. ഇ ഡിക്കെതിരെ ശക്തമായ ജനവികാരം ഉയർത്തികൊണ്ടുവരും. താഴെ തലം മുതൽ ശക്തമായ പ്രചരണ പരിപാടി നടത്തും. 29 ന് കൊച്ചി ഇ ഡി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. ഭരണവർഗത്തിന് വേണ്ടി പച്ചയായ ദാസ്യ വേലയാണ് ഇ ഡി നടത്തുന്നത് എം വി ഗോവിന്ദൻ പറഞ്ഞു.
Post a Comment