സവർക്കറെ പുകഴ്ത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്നും ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവർക്കറെന്നും ഗോവിന്ദൻ പറഞ്ഞു.
ഗവർണർ നടത്തിയ പ്രസ്‌താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് താൻ മറുപടി പറയില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം. അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാൽ അത് നാളത്തെ പത്രത്തിൽ വാർത്തയാക്കാൻ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
ഇതേക്കുറിച്ച് സംസാരിക്കാൻ കരുതിയതല്ലെന്നും ബോർഡ് കണ്ടതുകൊണ്ട് സംസാരിക്കേണ്ടി വന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ആർലേക്കർ തുടങ്ങിയത്. ‘ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് ബാനറിൽ എഴുതിയിരിക്കുന്നു. ഗവർണർ ഇതാ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെന്താണ് ചെയ്യേണ്ടത്? ഗവർണർ ചോദിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ‘ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല (We need Chancellor, not Savarkar)’ എന്ന എസ്എഫ്ഐ ബാനറിനെതിരെയാണ് ഗവർണർ രോക്ഷം പ്രകടിപ്പിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചോദ്യം.
‘സർവലകശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല. പകരം സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ്’- ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലറോട് ഗവർണർ നിർദ്ദേശിച്ചു.
അതേസമയം സർവകലാശാലയിലെ ബോർഡുകളും കൊടിതോരണങ്ങളും മാറ്റാൻ വിസി നിർദേശിച്ചിരുന്നെങ്കിലും എസ്എഫ്ഐക്കാർ തടഞ്ഞു. എന്നാൽ, ഗവർണറുടെ പരാമർശത്തിനുശേഷം ബോർഡുകൾ അപ്രത്യക്ഷമായി. സർവകലാശാലാ അധികൃതരുടെ നിർദേശപ്രകാരം പോലീസ് എടുത്തുമാറ്റിയതാണെന്ന് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു.
Post a Comment