Join News @ Iritty Whats App Group

കഞ്ചാവ് പൊതികള്‍, തൂക്കിക്കൊടുക്കാനുള്ള ഉപകരണം ; ഗര്‍ഭനിരോധന ഉറകളും മദ്യവും ; കളമശ്ശേരി ഹോസ്റ്റലില്‍ കണ്ടെത്തിയത് ഇവയെല്ലാം

കളമശേരി: പോളിടെക്‌നിക്ക് കോളജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതോടെ ആരംഭിച്ച റെയ്ഡ് ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അവസാനിച്ചത്. 20 മുറികളിലായി ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറുപതോളം പോലീസുകാരാണു പരിശോധന നടത്തിയത്. കഞ്ചാവ് പൊതികള്‍, കഞ്ചാവ് ആവശ്യക്കാര്‍ക്കു തൂക്കിക്കൊടുക്കാനുള്ള ഉപകരണങ്ങള്‍, കോണ്ടം, മദ്യം എന്നിവയും കണ്ടെടുത്തു.



കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം എ.സി.പി: പി.വി. ബേബി, നര്‍കോട്ടിക് സെല്‍ എ.സി.പി: അബ്ദുള്‍ സലാം, കളമശ്ശേരി എസ്.എച്ച്.ഒ: എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവത്തില്‍ പോലീസിനെ പഴിച്ച് മുഖം രക്ഷിക്കാനുള്ള എസ്.എഫ്.ഐ. നീക്കവും പൊളിഞ്ഞു. ഹോളി ആഘോഷത്തിനായി ഹോസ്റ്റലില്‍ വന്‍തോതില്‍ കഞ്ചാവെത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൃത്യമായ തെളിവുകളോടെയാണു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നതോടെയാണിത്.



അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു ഹോസ്റ്റല്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കിയ തൃക്കാക്കര എ.സി.പി: പി.വി ബേബി മാധ്യമങ്ങളോടു പറഞ്ഞു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ കേസില്‍ കുടുക്കിയതാണെന്ന എസ്.എഫ്.ഐ. ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും കളമശേരി പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ കൊല്ലം കുളത്തൂപ്പുഴ അടവികോണത്ത് എം. ആകാശി(21)ന്റെ മുറിയില്‍നിന്ന് 1.909 ഗ്രാം കഞ്ചാവും ആലപ്പുഴ ഹരിപ്പാട് കാട്ടുകോയിക്കല്‍ ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ പനംതറയില്‍ ആര്‍. അഭിരാജ് (21) എന്നിവരുടെ മുറിയില്‍നിന്ന് 9.70 ഗ്രാം കഞ്ചാവുമാണു പിടികൂടിയത്. ആകാശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദിത്യനെയും അഭിരാജിനെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.



പോലീസ് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്‌തെന്നായിരുന്നു പോളിടെക്‌നിക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായ അഭിരാജിന്റെ ആരോപണം. എന്നാല്‍, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും പോലീസ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എ.സി.പി. വിശദീകരിച്ചു. പരിശോധന പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പിടിയിലായവരുടെ ഇരവാദം ശരിയല്ല.



ഹോസ്റ്റലില്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്ന കാര്യം വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് അറിയാമായിരുന്നോയെന്ന് പരിശോധിക്കും. ഉന്നതോദ്യോഗസ്ഥരെ അറിയിച്ചശേഷമാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയില്ല. കോളജ് അധികൃതരെയും രേഖാമൂലം അറിയിച്ചിരുന്നു. സംഭവത്തില്‍ കോളജിനകത്തും പുറത്തുമുള്ളവരുടെ പങ്ക് അന്വേഷിച്ചുവരുന്നു. വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് നല്‍കിയവരെക്കുറിച്ച് സൂചന ലഭിച്ചതായും എ.സി.പി. വ്യക്തമാക്കി.

Post a Comment

Previous Post Next Post