Join News @ Iritty Whats App Group

ഓണ്‍ലൈൻ ഡയറ്റുകളെ സൂക്ഷിക്കുക; കാർണിവോർ ഡയറ്റ് ചെയ്ത ഇൻഫ്ളുവൻസർ വൃക്കയിൽ കല്ല് നിറഞ്ഞ് ഗുരുതരാവസ്ഥയിൽ

അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നത് തെളിയിക്കുന്ന നിരവധി സമീപകാല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ ഒരു പെൺകുട്ടി യൂട്യൂബിൽ കണ്ട ഡയറ്റ് അശാസ്ത്രീയമായ പിന്തുടർന്നതിനെ തുടർന്ന് മരണപ്പെട്ടത്. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു സംഭവത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാർണിവോർ ഡയറ്റ് അശാസ്ത്രീയമായി പിന്തുടർന്നതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം പിടിപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



അമേരിക്കയിലെ ഒരു സമൂഹ മാധ്യമ ഇൻഫ്ലുവൻസാറിനാണ് കാർണിവോർ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് വൃക്കയിൽ കല്ലുകൾ ഉണ്ടായത്. ഡാളസ് ആസ്ഥാനമായുള്ള സമൂഹ മാധ്യമ ഇൻഫ്ലുവൻസർ ഈവ് കാതറിനാണ് വൃക്കയില്‍ കല്ലുകൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. നോൺ വെജ് ഭക്ഷണക്രമം ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റിൽ അമിതമായി പ്രോട്ടീൻ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഈ രോഗാവസ്ഥ ഉണ്ടായതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സമീപ വർഷങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതി നേടിയ ഡയറ്റ് ബീഫ്, കോഴി, പന്നി, മത്സ്യം, തുടങ്ങിയ മാംസാഹാരങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്. എന്നാൽ, ഈ തീവ്രമായ ഭക്ഷണരീതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.



പ്രഭാത ഭക്ഷണമായി രണ്ടോ മൂന്നോ മുട്ടകൾ, ഉച്ചഭക്ഷണത്തിന് ഉയർന്ന പ്രോട്ടീൻ തൈര്, അത്താഴത്തിന് ന്യൂയോർക്ക് സ്ട്രിപ്പ് സ്റ്റീക്ക് എന്നിവ ഉൾപ്പെടുന്ന തന്‍റെ ഭക്ഷണക്രമം ഈവ് കാതറിൻ ടിക് ടോക്കിൽ പങ്കുവെച്ചിരുന്നു. പതിവ് ആരോഗ്യ പരിശോധനയിലാണ് യുവതിയുടെ മൂത്രത്തിൽ ഉയർന്ന പ്രോട്ടീൻ അളവ് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. പക്ഷേ, ആ സമയത്ത് അവൾ അത് ഗൗരവമായി എടുത്തില്ല. എന്നാൽ ക്രമേണ ഇത് ഗുരുതരമാവുകയും മൂത്രം ഒഴിക്കുമ്പോൾ രക്തം പുറത്തുപോകുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. ഇപ്പോൾ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇവരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 



ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം, കാർണിവോർ ഡയറ്റ് വിഡ്ഢിത്തമാണെന്നും തന്‍റെ ഫോളോവേഴ്സ് ആരും അത് പിന്തുടരരുത് എന്നും ഈവ് കാതറിൻ അഭ്യർത്ഥിച്ചു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ വൃക്കകളെ ആയാസപ്പെടുത്തുമെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഇത് ശരീരത്തിന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. മാത്രമല്ല, ഈ ഭക്ഷണങ്ങളിൽ പലപ്പോഴും നാരുകളുടെ അഭാവം മലബന്ധം, തലവേദന, വായ് നാറ്റം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ചുവന്ന മാംസവും സംസ്കരിച്ച മാംസവും അമിതമായി കഴിക്കുന്നതും ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കും. ഓർക്കുക, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന അശാസ്ത്രീയമായ ഡയറ്റുകൾ അന്ധമായി വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യരുത്. അത് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിക്കും. ഒരു ഡയറ്റീഷ്യന്‍റെ നിർദ്ദേശപ്രകാരം മാത്രം ഡയറ്റുകൾ ക്രമീകരിക്കുകയാണ് ഏറ്റവും ഉത്തമം.

Post a Comment

Previous Post Next Post