Join News @ Iritty Whats App Group

പ്രവാസി മഹേഷിന്റെ മരണം; കത്തയച്ചിട്ടും മറുപടി ഉണ്ടായില്ലെന്ന് എംപി, വൻ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയിൽ ആശുപത്രി


ദില്ലി: ഒമാനിൽ ആരും ഏറ്റെടുക്കാനില്ലാതെ മരിച്ച മലയാളി മഹേഷിനായി അയച്ച കത്തിന് ഒമാൻ ഇന്ത്യൻ എംബസിയിൽ നിന്ന് കൃത്യമായ മറുപടി പോലും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തി എൻകെ പ്രേമചന്ദ്രൻ എംപി. വൃക്കകൾ തകർന്ന് 5 മാസത്തോളം ആശുപത്രിയിൽ കിടന്നാണ് മഹേഷ് മരിച്ചത്. 68 ലക്ഷം രൂപയുടെ ബില്ലും ആരുമടച്ചിട്ടില്ല. എംബസികൾക്ക് കീഴിലെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. 

ഒക്ടോബറിൽ വൃക്കകൾ തകർന്ന് കിടപ്പിലായ മഹേഷിനായി 2 തവണ എംപി എംബസിക്ക് കത്തെഴുതി. നാട്ടിലെത്തിക്കാൻ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഇത്. നാട്ടിലെത്താതെ 5 മാസം ആശുപത്രിയിൽ കിടന്ന് ഈ മാർച്ചിൽ മഹേഷ് മരിച്ചു. ചികിത്സാ ബിൽ 68 ലക്ഷം കടന്നിരുന്നു. രേഖകളില്ലാതെ, 8 കൊല്ലത്തിലധികം നാട്ടിൽ പോകാതെ നിന്ന മഹേഷിനെ ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു. നാട്ടിൽപ്പോകാൻ ഒരു ഔട്ട്പാസ് ഇന്ത്യൻ എംബസി നൽകി. പക്ഷെ വൈദ്യസഹായം ഏർപ്പാടാക്കാൻ എംബസിയുടെ ഇടപെടൽ വേണമായിരുന്നു. മൃതദേഹമാണ് ഒടുവിൽ  നാട്ടിലെത്തിക്കാനായത്. 68 ലക്ഷത്തിലധികം വരുന്ന ചികിത്സാ ബില്ല് മഹേഷിനെ ഉപാധികളില്ലാതെ സഹായിച്ച ആശുപത്രിയുടെ ചുമലിലായി.   ഇത് ആദ്യ സംഭവമല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ഈ ഘട്ടത്തിലാണ്  ഇത്തരം സന്ദർഭങ്ങളിൽ വിനിയോഗിക്കേണ്ട  കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ വിനിയോഗത്തിൽ എംപിയുടെ ഗൗരവമേരിയ പ്രതികരണം ഉണ്ടായത്.  

മഹേഷിന്റെ കാര്യം നിരന്തരം എംബസിയോട് ഉന്നയിച്ചിരുന്നതായി സാമൂഹ്യപ്രവർത്തകരും പറയുന്നു. മഹേഷിന്റെ കാര്യത്തിൽ എവിടെയാണ്  വീഴ്ച്ച പറ്റിയതെന്ന അന്വേഷണങ്ങൾക്ക് എംബസി ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.

Post a Comment

Previous Post Next Post