Join News @ Iritty Whats App Group

റാഗിങ്‌ തടഞ്ഞില്ലെങ്കില്‍ തടവ്‌; മെഡിക്കല്‍ വിദ്യാഭ്യാസ സ്‌ഥാപന മേധാവിമാര്‍ക്ക്‌ മുന്നറിയിപ്പ്‌



റാഗിങ്‌ പരാതികളില്‍ നടപടിയെടുക്കാത്ത സ്‌ഥാപനമേധാവിമാര്‍ കുടുങ്ങും. ഇത്തരക്കാര്‍ക്കെതിരേ റാഗിങ്ങിനു പ്രേരണ നല്‍കി എന്ന്‌ കണക്കാക്കി രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറുമെന്നും സര്‍ക്കുലര്‍



തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ റാഗിങ്‌ പരാതികളില്‍ നടപടിയെടുക്കാത്ത സ്‌ഥാപനമേധാവിമാര്‍ കുടുങ്ങും. ഇത്തരക്കാര്‍ക്കെതിരേ റാഗിങ്ങിനു പ്രേരണ നല്‍കി എന്ന്‌ കണക്കാക്കി രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറുമെന്നും സര്‍ക്കുലര്‍. കോട്ടയം നഴ്‌സിങ്‌ കോളജിലെ റാഗിങ്ങിന്റെ പശ്‌ചാത്തലത്തിലാണിത്‌.



റാഗിങ്‌ നടത്തുന്നവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ക്കൊപ്പം സുപ്രീംകോടതി 2009ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള നടപടികളും കൈക്കൊള്ളുമെന്ന്‌ സര്‍ക്കുലറിലുണ്ട്‌. മറ്റ്‌ നിര്‍ദേശങ്ങള്‍:



റാഗിങ്‌ പ്രതിരോധ സംവിധാനത്തിന്റെ കണ്ണികളായി അധ്യാപകര്‍, പി.ടി.എ, പോലീസ്‌ എന്നിവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം.
പോലീസും അധ്യാപകരും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം. മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുക്കുന്നെന്ന്‌ പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം.
ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ച്‌ ആറു മാസത്തിനുള്ളില്‍ മൂന്ന്‌ ബോധവല്‍ക്കരണ ക്ലാസുകളെങ്കിലും നടത്തണം.



റാഗിങ്ങിനു ലഭിക്കാവുന്ന ശിക്ഷകള്‍ സംബന്ധിച്ച പോസ്‌റ്ററുകള്‍ ഹോസ്‌റ്റലിലും പ്രദര്‍ശിപ്പിക്കണം.
ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യസര്‍വേ നടത്തണം.
ആന്റിറാഗിങ്‌ കമ്മിറ്റി ആഴ്‌ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന്‌ ആന്റി റാഗിങ്‌ സ്‌ക്വാഡ്‌ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യണം.
ഹോസ്‌റ്റലുകള്‍, ബസുകള്‍, കാന്റീനുകള്‍, മൈതാനങ്ങള്‍, ക്ലാസ്‌ മുറികള്‍, വിദ്യാര്‍ഥികള്‍ ഒത്തുകൂടുന്ന മറ്റു സ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആന്റി റാഗിങ്‌ സ്‌ക്വാഡില്‍പ്പെട്ട അധ്യാപകരും അനധ്യാപകരും കര്‍ശന നിരീക്ഷണം നടത്തണം.
ഹോസ്‌റ്റലുകളിലെ സി.സി.ടിവി സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം.



മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ തലത്തില്‍ ആന്റി റാഗിങ്‌ സെല്‍ രൂപീകരിക്കണം.
കോളജുകളിലെയും ആന്റി റാഗിങ്‌ കമ്മിറ്റി എല്ലാ മാസവും അഞ്ചാം തീയതിക്കകം റാഗിങ്‌ വിവരങ്ങള്‍ ആന്റി റാഗിങ്‌ സെല്ലിന്‌ ഓണ്‍ലൈനായി ലഭ്യമാക്കണം.
പത്തിനകം അവ അവലോകനം ചെയ്‌ത് സമാഹൃത റിപ്പോര്‍ട്ട്‌ വെബ്‌സൈറ്റില്‍ പ്രസദ്ധീകരിക്കണം. ഇതിനുള്ള ചുമതല ജോയിന്റ്‌ ഡയറക്‌ടര്‍ നഴ്‌സിങ്‌ എഡ്യുക്കേഷനായിരിക്കും.

Post a Comment

Previous Post Next Post