ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ നിന്നും നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തിരകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് നായയെ ഉപയോഗിച്ച് മണം പിടിപ്പിച്ചു നടത്തിയ പരിശോധനയിൽ ബസ്സിലെ യാത്രക്കാരനായ ഉളിക്കൽ കാലാങ്കി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പ്രതിയിലേക്ക് എത്താവുന്ന കാര്യമായ സൂചനകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. അന്വോഷണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മറ്റൊരു പോലീസ് നായയെ കൊണ്ടുവന്ന് മണംപിടിപ്പിച്ചുള്ള പരിശോധനയും അന്വോഷണ സംഘം പരിഗണിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകിട്ടാണ് കുടകിലെ കുട്ടയിൽ നിന്ന് വിരാജ് പേട്ട - കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് വരികയായിരുന്നു ലക്ഷ്മി ബസ്സിൽ നിന്നും 150 നാടൻ തോക്കിന്റെ തിരകൾ പിടിച്ചെടുത്തത്. വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ നിലയിൽ മൂന്ന് കെയിസുകളിൽ ബാഗിനുള്ളിൽ ബസിന്റെ ബർത്തിൽ വെച്ച നിലയിലായിരുന്നു. കസ്റ്റഡിയിലെടുത്ത കാലങ്കി സ്വദേശിയെ വ്യാഴാഴ്ച രാത്രി ഏറെ വൈകുംവരെ ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് പറഞ്ഞ് രാത്രി തന്നെ ഇയാളെ വിട്ടയച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘം വിരാജ് പേട്ടയിൽ എത്തി സിസി ക്യാമറകളും പരിശോധിച്ചു. വിരാജ് പേട്ടയിൽ നിന്നും ബാഗുമായി ബസ്സിൽ കയറുന്ന ദൃശ്യം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. കർണാടകയിലെ കുടക് ജില്ലയിൽ തോക്കും തിരകളും വില്പന നടത്തുന്ന കടകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കടകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരകളുടെ വിവരവും പോലീസ് ശേഖരിക്കുന്നതാണ് അറിയുന്നത്. തിരകളും തോക്കും വിൽക്കുന്ന നിരവധി കടകൾ കുടക് ജില്ലയിലുണ്ട്. കര്യമായ രേഖകൾ ഒന്നും വാങ്ങാതെ തന്നെ തിരകൾ വിൽക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇരട്ടി സർക്കിൾ ഇൻസ്‌പെക്ടർ എ. കുട്ടികൃഷ്ണൻ പറഞ്ഞു.
Post a Comment