Join News @ Iritty Whats App Group

യുഎസ് ലോകം മുഴുവൻ അരിച്ചുപെറുക്കുമ്പോൾ വര്‍ക്കലയിൽ സുഖജീവിതം; 5 വർഷം മുമ്പ് കേരളത്തിലെത്തി, ഒടുവിൽ അറസ്റ്റ്


തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടികൂടിയ ലിത്വാനിയൻ പൗരൻ അലക്സേജ് ബസിക്കോവ് വര്‍ക്കലയിൽ താമസം തുടങ്ങിയത് അഞ്ച് വര്‍ഷം മുമ്പെന്ന് പൊലീസ്. സൈബർ ആക്രമണവും കംപ്യൂട്ടർ ഹാക്കിംഗ് ഉള്‍പ്പെടെ നിരവധി കേസുകൾ അമേരിക്കയിൽ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് ഡിഐജി അജിത ബീഗം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 



കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് മാത്രമാണ് അലക്സേജ് ബസിക്കോവിനെതിരെ ഉള്ളതെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, ഇതിനപ്പുറം മാനങ്ങളുള്ള നിരവധി കേസുകൾ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് ഡിഐജി അജിത ബീഗം പറഞ്ഞു. മയക്കുമരുന്ന് കച്ചവടം, സൈബർ ആക്രമണം, കംപ്യൂട്ടര്‍ ഹാക്കിംഗ് എന്നിവയും ഇതിലുള്‍പ്പെടും. കഴിഞ്ഞ പതിനൊന്നിനാണ് ഇയാൾക്കെതിരെയുള്ള ഇന്‍റര്‍പോൾ വാറന്‍റ് സിബിഐ വഴി പൊലീസിന് ലഭിക്കുന്നത്. പ്രത്യേക ടീം രൂപീകരിച്ച് തന്ത്രപരമായി നടത്തിയ തെരച്ചിലിൽ, റഷ്യയിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പ് ഇയാളെ പിടികൂടുകയായിരുന്നുവെന്ന് ഡിഐജി പറഞ്ഞു. 



ഇപ്പോള്‍ ആറ്റിങ്ങൽ ജയിലിലുള്ള ബെസിക്കോവിനെ വിമാനമാര്‍ഗം ദില്ലയിലെത്തിച്ച് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. തുടര്‍ന്ന് അമേരിക്കയ്ക്ക് കൈമാറും. ഇയാൾക്കെതിരെ ഇന്ത്യയിൽ കേസില്ലാത്തതിനാലാണിത്. 2019നും 2025നും ഇടയിൽ 96 ബില്യൻ യുഎസ് ഡോളറിന്‍റെ ക്രിപ്റ്റോ കറന്‍സി ഇടപാട് ബെസിക്കോവും കൂട്ടാളി റഷ്യൻ പൗരൻ അല്കസാണ്ടര്‍ മിറയും യുഎസില്‍ നടത്തിയിരുന്നു. 



ഗാരന്‍റക്സ് എന്ന ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ തീവ്രവാദ സംഘടനകള്‍, ലഹരിക്കടത്ത് സംഘങ്ങള്‍, സൈബര്‍ ക്രിമിനൽ സംഘങ്ങള്‍ തുടങ്ങിയവയ്ക്ക് സഹായം ചെയ്തുവെന്നാണ് യുഎസ് കോടതിയിലെ കേസ്. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. 2022 ൽ ഗാരന്‍റക്സിന് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇടപാട് തുടര്‍ന്നു. അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്ന് വര്‍ക്കലയിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

Post a Comment

Previous Post Next Post