Join News @ Iritty Whats App Group

2,800 മീറ്റർ നീളത്തിൽ ഇഫ്താർ വിരുന്ന്, സൗദിക്ക് വീണ്ടും ലോക റെക്കോർഡ്


റിയാദ്: ഏറ്റവും നീളമുള്ള ഇഫ്താർ ടേബിൾ ഒരുക്കിയതിന് സൗദിക്ക് വീണ്ടും ലോക റെക്കോർഡ്. വിവിധ രാജ്യങ്ങളിൽ നോമ്പ് തുറപ്പിക്കുന്നതിനുള്ള ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായി ഇന്തോനേഷ്യയിൽ ഒരുക്കിയ സമൂഹ നോമ്പുതുറയാണ് ആസിയാൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ എന്ന നിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. സൗദി മതകാര്യ വകുപ്പാണ് സംഘാടകർ. ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് രണ്ടാം തവണയാണ് സൗദി അറേബ്യ ഒരുക്കുന്ന ഇഫ്താറിന് ലഭിക്കുന്നത്. ഇന്തോനേഷ്യയിലെ സോളോ നഗരത്തിലുള്ള ‘മനഹൻ’ സ്‌പോർട്‌സ് ട്രാക്കിൽ 2,800 മീറ്റർ നീളത്തിലായിരുന്നു ഇഫ്താർ ടേബിൾ. 20,000ലധികം ആളുകൾ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു.



ഇസ്‌ലാമിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയായിരുന്നു സമൂഹ ഇഫ്താർ. ഗവർണർ, രാഷ്ട്രീയ, മതനേതാക്കൾ, പണ്ഡിതർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു. 590 തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിൽ 20 പ്രാദേശിക റെസ്റ്റോറൻറുകൾ ഇഫ്താർ മേശ തയ്യാറാക്കുന്നതിൽ പങ്കെടുത്തു.



മഴയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കുടകൾ, 15 ആംബുലൻസുകൾ, ശുചീകരണ, ഓപ്പറേറ്റിങ് സേവനങ്ങൾ, ജനത്തിന്‍റെ സുരക്ഷക്കും സംഘാടനത്തിനുമായി സെക്യൂരിറ്റി സംവിധാനം എന്നിവ ട്രക്കിലുടനീളം സജ്ജീകരിച്ചു. ഈ പരിപാടിയുടെ പ്രചരണാർത്ഥം പരസ്യ ബിൽബോർഡുകൾ സോളോ നഗരത്തിൽ ഉടനീളം സ്ഥാപിച്ചു. ഇന്തോനേഷ്യൻ മാധ്യമങ്ങൾ ‘സ്നേഹത്തിെൻറയും ഇസ്ലാമിക സാഹോദര്യത്തിന്‍റെയും സന്ദേശം’എന്ന് വിശേഷിപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സൗദി അറേബ്യയുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും ഇസ്ലാമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ജനങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതാണെന്നും പലരും പ്രശംസിച്ചു.

Post a Comment

Previous Post Next Post