Join News @ Iritty Whats App Group

യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും


ദില്ലി: രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുപിഐ ഇടപാടിന് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സജീവമായ മൊബൈല്‍ നമ്പര്‍ വേണം

കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എൻ‌പി‌സി‌ഐ പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകൾ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എൻ‌പി‌സി‌ഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകൾ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു. 

ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക

പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പർ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രിൽ 1-ന് ശേഷം നിങ്ങൾക്ക് യുപിഐ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും.

Post a Comment

Previous Post Next Post