ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനത്തിലേക്ക് ആനയെ ഓടിക്കൽ ദൗത്യം, ആനമതിൽ നിർമ്മാണ പുരോഗതി, പുനരധിവാസ മേഖലയിലെ അടിക്കാട് വെട്ടിത്തെളിക്കൽ, ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം തുടങ്ങിയ കാര്യങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനായി രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ഇരിട്ടി പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷതവഹിച്ചു.
ടി ആർ ഡി എം ന്റെ നേതൃത്വത്തിൽ പുനരധിവാസ മേഘലയിലെ കാട് വെട്ടൽ, വനം വകുപ്പിന്റെ ആന ഓടിക്കൽ ദൗത്യം എന്നിവ 17 ന് പുനരാരംഭിക്കുന്നതിനും, അനർട്ട് മുഖേന നടത്തുന്ന സോളാർ ഹാങ്ങിങ് ഫെൻസിങ് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനും, രാത്രികാലങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സ്ഥിര സാന്നിധ്യം ഉറപ്പു വരുത്തുക എന്നിവയും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ ആന മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുതായി മരം മുറിച്ച് നീക്കിയിട്ടുള്ള ഭാഗം ഒഴിച്ച് ആന മതിൽ നിർമ്മാണം ഏപ്രിൽ 30 ന് പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു.
ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഗ്രാമപഞ്ചായത് മെമ്പർ മിനി ദിനേശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശൻ , കൂടാതെ പോലീസ്, എക്സൈസ്, പി ഡബ്ല്യൂ ഡി, പഞ്ചായത്ത്, റവന്യൂ, വനം വകുപ്പ് ഉൾപ്പെടെയുള്ളവരും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Post a Comment