Join News @ Iritty Whats App Group

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷവും വെടിവെപ്പും; ഒരാൾക്ക് വെടിയേറ്റു, 15 പേർക്ക് പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.



ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പ്രദേശിക ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായത്.എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.കഴുത്തിന് വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലുക്മാന്‍റെ കഴുത്തിന് സാരമായ പരിക്കുണ്ട്. 



മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു. ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവര്‍ സ്ഥിരം ക്രിമിനലുകളാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ആക്രമിച്ചവരില്‍ കണ്ടാലറിയുന്നവരുമുണ്ടെന്നും പരിക്കേറ്റവര്‍ അറിയിച്ചു.



മുകളിലേക്കുള്‍പ്പെടെ എയര്‍ഗണ്‍ ഉപയോഗിച്ച് നാല് വട്ടം വെടി ഉതിര്‍ത്തെന്നും പരിക്കേറ്റവര്‍ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങിലും പരിക്കേറ്റവര്‍ ചികിത്സ തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post