Join News @ Iritty Whats App Group

എടൂരില്‍ 1500 തിരുശേഷിപ്പുകളുടെ പ്രദര്‍ശനവും വണക്കവും തുടങ്ങി


രിട്ടി: എടൂർ സെന്‍റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പല്‍ മരിയൻ തീർഥാടന ദേവാലയത്തില്‍ സ്വർഗം ഒരു കുടക്കീഴില്‍ പ്രദർശനവും വണക്കവും തുടങ്ങി.



കത്തോലിക്കാ സഭയിലെ 1500 ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരമാണ് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. ആർച്ച്‌ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് വടക്കേമുറിയില്‍, അസിസ്റ്റന്‍റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, അല്‍ഫോൻസ് ഭവൻ സുപ്പീരിയർ ഫാ. സിജോ തളിയത്ത് എന്നിവർ സഹകാർമികരായിരുന്നു. തിരുശേഷിപ്പുകളുടെ പ്രദർശനം ഇന്ന് രാത്രി 7.30 ന് സമാപിക്കും.



ആദ്യ നൂറ്റാണ്ട് മുതല്‍ അടുത്തുകാലത്തു വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ടവരുടെ വരെയുള്ള തിരുശേഷിപ്പുകളാണ് പ്രദർശനത്തിനും വണക്കത്തിനുമായി ഒരുക്കിയിട്ടുള്ളത്. വിശ്വാസത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത രക്തസാക്ഷികളുടെയും കറകളഞ്ഞ വിശ്വാസ ജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെ തിരുശേഷിപ്പുകളുണ്ട്.



ക്രൈസ്‌തവ വിശ്വാസികളായതിന്‍റെ പേരില്‍ ജീവൻ ബലികൊടുക്കേണ്ടി വന്ന പോളണ്ടിലെ ഉള്‍മാ കുടുംബത്തിലെ ഗർഭസ്‌ഥശിശു ഉള്‍പ്പെടെയുള്ള ഒന്പതു പേർ, ജീവനോടെ ഒരേ കുഴിയില്‍ കുഴിച്ചുമൂടപ്പെട്ട നൊവഗ്രാസോ മാർട്ടയേഴ്‌സ് എന്ന് അറിയപ്പെടുന്ന 11 കന്യാസ്ത്രീകളുടെ തിരുശേഷിപ്പുകള്‍, ബ്ലാക്ക് മാസ് പുരോഹിതനായിരിക്കെ സ്വന്തം അമ്മ നല്‍കിയ ജപമാലയിലൂടെ മാനസാന്തരം സംഭവിച്ചു വിശുദ്ധനായ ബാർത്തലോ ലോംഗോ എന്നിവരുടെ തിരുശേഷിപ്പുകളുമുണ്ട്.



ഈശോയുടെ ശിരസില്‍ അണിയിച്ച മുള്‍ക്കിരീടത്തിലെ മുള്ളിന്‍റെ ഭാഗം, വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ്, പരിശുദ്ധ കന്യാമറിയത്തിന്‍റെ ശിരോവസ്ത്രത്തിന്‍റെയും അരക്കച്ചയുടെയും വിശുദ്ധ യൗസേപ്പിതാവിന്‍റെ പാലിയത്തിന്‍റെയും ഭാഗം, 12 ശ്ലീഹൻമാരുടെയും ആദ്യ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസിന്‍റെയും തിരുശേഷിപ്പുകള്‍, ഇന്ത്യയില്‍ നിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, അല്‍ഫോൻസാമ്മ, ഫ്രാൻസിസ് സേവ്യർ, ഗോണ്‍സാലസ് ഗാർഷ്യ, മദർതെരേസ, ദേവസഹായം പിള്ള, മറിയം ത്രേസ്യ, എവുപ്രാസ്യമ്മ, തേവർപറന്പില്‍ കുഞ്ഞച്ചൻ, റാണി മരിയ, ജോണ്‍ ഡി ബ്രിട്ടോ എന്നിവരുടെ തിരുശേഷിപ്പികുളം പ്രദർശനത്തിലുണ്ട്.



ഉപ്പുതറ കുന്നപ്പള്ളില്‍ ജോയിസ് എഫ്രേം പ്രസിഡന്‍റായുള്ള കാർലോ അക്വിറ്റി ഫൗണ്ടേഷനും ജോയിസ് എഫ്രേമിന്‍റെ മകൻ ഫാ. എഫ്രേം കുന്നപ്പള്ളി അംഗമായുള്ള ഫാത്തിലൈറ്റ്സ് സന്യാസസമൂഹവും ചേർന്നാണു തിരുശേഷിപ്പ് പ്രദർശനം നടത്തുന്നത്.

Post a Comment

Previous Post Next Post