Join News @ Iritty Whats App Group

സ്ഥിതി ഗുരുതരം: ചൂടിനൊപ്പം അള്‍ട്രാവയലറ്റ് വികിരണ തോതും കൂടുന്നു ; രണ്ടു ജില്ലകളില്‍ യു.വി. ഇന്‍ഡക്‌സ് 11ന് മുകളിലെത്തി

തിരുവനന്തപുരം : വേനല്‍ കടുക്കുകയും അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുകയും ചെയ്തതോടെ സ്ഥിതി അതീവ ഗുതുരതം. രണ്ടു ജില്ലകളില്‍ യു.വി. ഇന്‍ഡക്‌സ് 11ന് മുകളിലെത്തി. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളിലും അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോത് നിത്യേന വര്‍ധിക്കുകയാണ്.



യു.വി. ഇന്‍ഡക്‌സ് 11ന് മുകളിലെത്തിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിലാണ് യു.വി. ഇന്‍ഡക്‌സ്. 8-10നും ഇടയ്ക്ക് അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം വരുമ്പോഴാണ് ഓറഞ്ച് അലെര്‍ട്ട്. കോട്ടയം-10, കൊല്ലം-8, മലപ്പുറം- 9, പാലക്കാട്-8 എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. എറണാകുളം 7, കോഴിക്കോട്-7, തൃശൂര്‍ -6, തിരുവനന്തപുരം-7, വയനാട് -6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍ -5, ആലപ്പുഴ -5, കാസര്‍ഗോഡ്- 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ യു.വി. ഇന്‍ഡക്‌സ്.



തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ആവര്‍ത്തിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകലില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും താപനില ഉയരുകയാണ്.



കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില ആയിരുന്നു. പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36- 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നു.

Post a Comment

Previous Post Next Post