Join News @ Iritty Whats App Group

തലയില്‍ തുണിയിട്ട് ആര്‍ക്കും മുഖം കൊടുക്കാതെ കച്ചവടം ; എം.ഡി.എം.എ. കേസില്‍ 'തുമ്പിപ്പെണ്ണി'നും സുഹൃത്തിനും 10 വര്‍ഷം കഠിനതടവ്


കൊച്ചി: 25 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം എം.ഡി.എം.എ. പിടിച്ച കേസില്‍ രണ്ടു പേര്‍ക്ക് എറണാകുളം അഡിഷണല്‍ ജില്ല സെഷന്‍ കോടതി പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിഷ വിധിച്ചു. കോട്ടയം ചിങ്ങവനം മുട്ടത്താട്ടചിറ വീട്ടില്‍ സൂസിമോള്‍ എം. സണ്ണി (തുമ്പിപ്പെണ്ണ്- 26), ആലുവ ചെങ്ങമനാട് കല്ലൂക്കാടന്‍ പറമ്പില്‍ വീട്ടില്‍ അമീര്‍ സൊഹൈല്‍ (പൂത്തിരി- 25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്.



മൂന്നും നാലും പ്രതികളായ വൈപ്പിന്‍ സ്വദേശി കുറുമ്പനാട്ട് പറമ്പില്‍ അജ്മല്‍ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എല്‍റോയ് വര്‍ഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് പി.എം. സുരേഷ് ബാബുവാണ് വിധി പറഞ്ഞത്. എറണാ കുളം ടൗണില്‍ എം.ഡി.എം.എ. എത്തിച്ച് മൊത്ത വിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ശിക്ഷിക്കപ്പെട്ട രണ്ടുപേരും. 2023 ല്‍ ഒക്‌ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.



രാത്രി സമയം ആഡംബര ബൈക്കുകളിലെത്തി ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് കറുത്ത പോളിത്തില്‍ കവറുകളില്‍ കെട്ടി മാലിന്യ കൂമ്പാരങ്ങളി ലിട്ടശേഷം പാഞ്ഞ് പോകുന്നതായിരുന്നു സംഘത്തിന്റെ രീതി. നഗരത്തിലെ മയക്ക് മരുന്ന് വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് സൂസിമോള്‍ ആയിരുന്നു. തലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെ രാത്രി സമയം പുറത്തിറങ്ങുന്ന ഇവര്‍ ആവശ്യക്കാരില്‍നിന്നു നേരിട്ട് പണം വാങ്ങിയതിന് ശേഷം സംഘാംഗങ്ങള്‍ വഴി മയക്ക് മരുന്ന് എത്തിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്.



സംഭവദിവസം രാത്രി മഴ പെയ്തതിനാല്‍ ഇരുചക്ര വാഹനത്തിന് പകരം ആഡംബര കാറില്‍ മയക്കുമരുന്ന് കൈമാറാന്‍ കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം എത്തിയപ്പോഴാണു സൂസിമോളും സംഘാംഗങ്ങളും എക്‌സൈസിന്റെ പിടിയിലായത്. കാറില്‍ പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു. അമീറിന്റെ വസ്ത്രത്തിന്റെ പോക്കറ്റുകളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. ഇവരുടെ പക്കല്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 350 ഗ്രാം രാസലഹരി ഉണ്ടായിരുന്നു.



പിടികൂടുന്ന സമയത്ത് മയക്ക്മരുന്ന് സംഘത്തിലുള്ളവര്‍ സ്പ്രിംഗ് ബാറ്റണ്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അന്ന് കാറടക്കം കസ്റ്റഡിയില്‍ എടുത്തത്. മാലിന്യ കൂമ്പാരത്തിനുള്ളില്‍ മയക്ക് മരുന്ന് നിക്ഷേപിക്കുക എന്ന ബുദ്ധി തുമ്പിപ്പെണ്ണിന്റേതായിരുന്നു.



എറണാകുളം അസി. എക്‌സൈസ് കമ്മിഷണര്‍ ടി.എന്‍. സുധീര്‍ ആണ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഒക്‌ടോബറില്‍ പിടിയിലായതിന് ശേഷം ഇവര്‍ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് വരുകയായിരുന്നു. 26 സാക്ഷികളില്‍ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോളി ജോര്‍ജ് ഹാജരായി. പ്രതികളെ എറണാകുളം സബ് ജയിലേക്ക് മാറ്റി.

Ads by Google

Post a Comment

Previous Post Next Post