Join News @ Iritty Whats App Group

മടങ്ങിവരാനൊരുങ്ങി സുനിത വില്യംസ്; മാറ്റിവച്ച ക്രൂ-10 ദൗത്യം ഇന്ന് വിക്ഷേപിക്കും




ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസത്തിലധികമായി കഴിയുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം നാസയും സ്പേസ് എക്സും ചേര്‍ന്ന് നാളെ പുലര്‍ച്ചെ വിക്ഷേപിക്കും. സാങ്കേതിക പ്രശ്നം കാരണം മാറ്റിവെച്ച വിക്ഷേപണം ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് നടക്കുക. 



വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്. 



ഐഎസ്എസിലേക്ക് നാസയും പങ്കാളികളും അടുത്ത സംഘത്തെ ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ-10 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ-10 ബഹിരാകാശ ദൗത്യത്തില്‍ ഉൾപ്പെടുന്നു. ക്രൂ-10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ-9 സംഘം ഭൂമിയിലേക്ക് തിരിക്കുക. ഇരുവര്‍ക്കുമൊപ്പം നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് മടങ്ങുന്നവരിലുണ്ട്.  



അവസാന നിമിഷ മാറ്റം

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിനെ താങ്ങിനിര്‍ത്തുന്ന യന്ത്രകൈകളിലൊന്നിന്‍റെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ക്രൂ-10 ദൗത്യ വിക്ഷേപണം നാസയും സ്പേസ് എക്സും നാളേക്ക് മാറ്റിവച്ചത്. റോക്കറ്റിനെ താങ്ങിനിര്‍ത്തുന്നതും ലോഞ്ച് ചെയ്യുമ്പോള്‍ റിലീസ് ചെയ്യുന്നതുമായ യന്ത്രക്കൈക്കായിരുന്നു തകരാര്‍. ക്രൂ-10 ലിഫ്റ്റോഫിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമായിരുന്നു ഈ തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിന്‍റെ സന്തുലിതമായ ലോഞ്ചിന് ഈ യന്ത്രക്കൈകള്‍ കൃത്യമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

Post a Comment

Previous Post Next Post