Join News @ Iritty Whats App Group

ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ്; നിർണായക നീക്കവുമായി പൊലീസ്, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ഫോറൻസിക് പരിശോധന


കൊച്ചി: നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. 

അൽപ്പസമയം മുമ്പ് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്. പിന്നീട് മറ്റൊരു ചടങ്ഹിൽ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. തുടര്‍ന്ന് സമാനമായ പരാമര്‍ശങ്ങള്‍ ജാങ്കോ സ്പേയ്സ് എന്ന യൂട്യൂബ് ചാനൽ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.

ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.

അതിനിടെ ഹണിറോസിന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group