Join News @ Iritty Whats App Group

അടിച്ച് ഫിറ്റായി സ്റ്റേഷനിലെത്തി, പുതുവർഷം ആഘോഷിക്കാൻ പ്രതികളെ തുറന്ന് വിട്ട് പൊലീസുകാരൻ, പൊലീസുകാരനും ഒളിവിൽ


ലുസാക്ക: മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ പുതുവർഷം ആഘോഷിക്കാനായി തുറന്ന് വിട്ടത് 13 കുറ്റവാളികളെ. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. ആക്രമണം, കൊള്ള, മോഷണം തുടങ്ങിയ കേസുകളിൽ കസ്റ്റഡിയിൽ എടുത്ത 13 പേരെയാണ് പുതുവർഷം ആഘോഷിക്കാനായി ഫിറ്റായ പൊലീസുകാരൻ തുറന്ന് വിട്ടത്. സാംബിയയിലെ തലസ്ഥാനമായ ലുസാക്കയിലെ ലിയനാർഡ് ചീലോ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 

എന്നാൽ പൊലീസുകാരൻ പ്രതീക്ഷിച്ച പോലെ സ്റ്റേഷന് പുറത്തിറങ്ങിയ കുറ്റവാളികൾ തിരിച്ച് വന്നില്ല. സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികൾ രക്ഷപ്പെട്ടതോടെ ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടൈറ്റസ് ഫിരി എന്ന ഉദ്യോഗസ്ഥനാണ് പ്രതികളെ തുറന്ന് വിട്ടത്. സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥൻ പാറാവ് ചുമതലയിലുള്ള പൊലീസ് കോൺസ്റ്റബിൾമാരിൽ നിന്ന് ബലം പ്രയോഗിച്ച് താക്കോൽ വാങ്ങിയാണ് പ്രതികളെ തുറന്ന് വിട്ടത്. 

സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സെല്ലും പുരുഷ സെല്ലിലും ഉണ്ടായിരുന്നവരേയാണ് ഉദ്യോഗസ്ഥൻ തുറന്ന് വിട്ടത്. പോയി പുതുവർഷം ആഘോഷിക്ക് എന്നുപറഞ്ഞായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി. 15 പേരായിരുന്നു കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബോധം വന്നതിന് പിന്നാലെ ചെയ്ത കാര്യം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥനും ഒളിവിലാണ്. 



1997ലും സമാനമായ ഒരു സംഭവം സാംബിയയിൽ ഉണ്ടായിരുന്നു.1997ൽ സാംബിയയിലെ ഹൈക്കോടതി ജഡ്ജ് 53 പ്രതികളെ പുതുവത്സരത്തിൽ വിട്ടയച്ചിരുന്നു. ഇതിൽ ഏറിയ പങ്കും പ്രതികളും അതീവ അക്രമകാരികളാണെന്ന പൊലീസ് മുന്നറിയിപ്പ് മറികടന്നായിരുന്നു ഇത്. എന്നാൽ വൈകിയ നീതിയെന്ന് പ്രതികരിച്ചായിരുന്നു ജഡ്ജ് കുറ്റവാളികളെ വിട്ടയച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group