മൂന്നാർ: കേരള – തമിഴ്നാട് അതിർത്തിയിലുള്ള കമ്പംമെട്ട് - കമ്പം അന്തർ സംസ്ഥാന റോഡിലെ അപകട വളവുകളിൽ പുതിയ രീതിയിലുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു. റോളർ ക്രാഷ് ബാരിയർ എന്ന പേരിലുള്ളവയാണ് പുതിയ ക്രാഷ് ബാരിയറുകൾ. കേരളത്തിലെ കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ പാതകൾക്ക് അനുയോജ്യമായവയാണ് ഈ പുതിയ ഇനം ക്രാഷ് ബാരിയറുകളെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
2015 ലെ ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശം അനുസരിച്ചാണ് ദേശീയപാതയുൾപ്പെടെയുള്ള റോഡുകളിലെ അപകട വളവുകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. ഗാർഡ് റെയിലിംഗ് എന്നു പേരുള്ള ഉരുക്കു കൊണ്ടുള്ള ക്രാഷ് ബാരിയറുകളാണ് കേരളത്തിൽ സ്ഥാപിച്ചിട്ടുള്ളത്. നിയന്ത്രണം വിട്ട് ഇതിൽ ഇടിക്കുമ്പോൾ വാഹനങ്ങൾക്ക് വലിയ കേടുപടുകളുണ്ടാക്കുന്നുണ്ട്. ഇത് കുറക്കുന്നതിനാണ് റോളർ ക്രാഷ് ബാരിയറുകൾ കണ്ടു പിടിച്ചത്. പോളിയൂറത്തൈൻ കൊണ്ടുള്ള റോളറുകളാണ് ഇതിനുപയോഗിക്കുന്നത്.
കറങ്ങുന്ന റോളറുകൾ ഇടിക്കുന്ന വാഹനത്തെ തിരികെ റോഡിലേക്ക് എത്തിക്കും. കരുത്തുള്ള ബീമുകൾ വാഹനങ്ങളെ തടഞ്ഞുനിർത്തുന്നതിനാൽ താഴ്ചയിലേക്ക് മറിയാനുള്ള സാധ്യതയും കുറവാണ്. നിയന്ത്രണം വിട്ട് വരുന്ന വാഹനം ഈ ബാരിയറിൽ ഇടിച്ചാൽ ക്രാഷ് ബാരിയറിന്റെ മധ്യ ഭാഗം കറങ്ങും. ഇത് വാഹനത്തിനും യാത്രക്കാരനുമുള്ള പരിക്കിന്റെ കാഠിന്യം കുറയ്ക്കും. വളവിനും ഇറക്കത്തിനും അനുസരിച്ച് മുപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഒരു മീറ്ററിന് ചെലവ് വരിക. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയാണ് ഇതെന്നാണ് റോഡ് സുരക്ഷ വിദഗ്ദ്ധൻ ഉപേന്ദ്രനാരായണൻ വിശദമാക്കുന്നത്.
കമ്പം – കമ്പംമെട്ട് റോഡിൽ 19 ഹെയർ പിൻ വളവുകളുണ്ട്. ശബരിമല തീർത്ഥാടകരും ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്നവയുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടങ്ങൾ തുടർക്കഥയായ ഈ പാതയിലാണ് ആദ്യഘട്ടത്തിൽ തമിഴ് നാട് റോളർ ക്രാഷ് ബാരിയറുകൾ പരീക്ഷിച്ചത്. 25 സ്ഥലങ്ങളിലിത് സ്ഥാപിച്ചു. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മലയോര പാതകളിൽ റോളർ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Post a Comment