കൊല്ലം: കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലും അമ്മയുടെ മൊബൈൽ ഫോൺ വിറ്റ കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ എഫ്ഐആർ കോൾഡ് കേസ് വാർത്തയാണ് അഖിലിനെ പിടികൂടുന്നതിൽ നിർണായകമായത്.
അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും കൊലപ്പെടുത്തിയ പ്രതി അഖിലിനെ കുണ്ടറ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിനായി പ്രതിയെ ആദ്യം എത്തിച്ചത് കൊട്ടിയത്തെ മൊബൈൽ കടയിലായിരുന്നു. കൊലപാതക ശേഷം മോഷ്ടിച്ച അമ്മയുടെ ഫോൺ അഖിൽ ഈ കടയിൽ വിറ്റാണ് രക്ഷപ്പെടാനുള്ള പണം കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കൊലപാതകം നടന്ന പടപ്പക്കരയിലെ വീട്ടിൽ എത്തിച്ചു.
വീടിന് ചുറ്റും കൂടിയ നാട്ടുകാർക്കിടയിലൂടെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അഖിൽ നടന്നു നീങ്ങി. അമ്മയെയും മുത്തച്ഛനെയും ആക്രമിച്ച രീതി പ്രതി പൊലീസിനോട് വിവരിച്ചു. പ്രതി വീട്ടിനുള്ളിൽ ഒളിപ്പിച്ച രണ്ട് സിം കാർഡുകളും കണ്ടെടുത്തു. കൊലപാതക ശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെയെന്നും വിവരിച്ചു നൽകി. 2024 ഓഗസ്റ്റിലാണ് അഖിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആദ്യം ആൻ്റണിയെ തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് പുഷ്പലതയെ വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് ആക്രമിച്ചു.'
തലയ്ക്കടിയേറ്റ് വീണ അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് മുഖത്ത് കുത്തി. ഗുരുതരമായി പരിക്കേറ്റ മുത്തച്ഛൻ തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ മരിച്ചു. ചോദിച്ച പണം നൽകാത്തതിനാണ് ലഹരിക്ക് അടിമയായ അഖിൽ ഇരുവരെയും കൊല്ലപ്പെടുത്തിയത്. കൊലപാത ശേഷം സംസ്ഥാനം വിട്ട പ്രതി ശ്രീനഗറിലാണ് നാല് മാസം ഒളിവിൽ കഴിഞ്ഞത്. പ്രതിയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഫ്ഐആർ കോൾഡ് കേസ് വാർത്താ പരമ്പര അഖിലിനെ പിടികൂടുന്നതിൽ നിർണായകമായി.
വാർത്ത കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശ്രീനഗറിലെ മലയാളി പ്രതിയെ തിരിച്ചറിഞ്ഞ് കേരളാ പൊലീസിന് വിവരം നൽകി. തുടർന്നാണ് കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിൽ എത്തി. അഖിലിനെ പിടികൂടി നാട്ടിൽ എത്തിച്ചത്. കസ്റ്റഡിൽ വാങ്ങിയ പ്രതിയുമായി തെളിവെടുപ്പ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Post a Comment