Join News @ Iritty Whats App Group

കേരളത്തിനുള്ളിലായാലും സ്വർണം കൊണ്ടു പോകണമെങ്കില്‍ ഇനി മുതല്‍ ഇ-വേ ബില്‍ നിർബന്ധം: പരിധി എത്രയെന്ന് അറിയാം

തിരുവനന്തപുരം: സ്വർണത്തിന്റെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി സംസ്ഥാന സർക്കാർ. 2025 ജനുവരി 20 മുതൽ സ്വർണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71 കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ ബാധകമാക്കിയിരിക്കുന്നത്. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ആഭരണങ്ങള്‍ക്കായിരിക്കും നിർദേശം ബാധകമാകുക.

നേരത്തെ തന്നെ സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിയിരുന്നെങ്കിലും വ്യാപാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ ശക്തമായ എതിർപ്പിന് തുടർന്ന് സർക്കാർ പിന്തിരിയുകയായിരുന്നു. തുടർന്ന് വ്യാപാരികളുടെ കൂടെ നിർദേശങ്ങള്‍ കൂടുതലായി പരിഗണിച്ചുകൊണ്ടാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരംപുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ പോർട്ടലിൽ ലഭ്യമാണ്.


കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 - സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024 പ്രകാരം 2025 ജനുവരി 1 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും രജിസ്‌ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കുകയായിരുന്നു. എന്നാൽ വ്യാപാരികള്‍ ഉന്നയിച്ച ആശങ്കകളും ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണവും ഇത് താത്കാലികമായി മാറ്റി വക്കുകയായിരുന്നു. നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുള്ള മേൽ പ്രകാരമുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്‌സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്ന സന്ദർഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കിൽ 2025 ജനുവരി 20 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്റെ പാർട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല.

ഇ-വേ ബില്‍ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 10/2024 - സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024, 2/2025- സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 എന്നിവ പരിശോധിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group