Join News @ Iritty Whats App Group

കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ വാദം തള്ളി എംവിഡി, കേസെടുക്കും, ലൈസൻസ് സസ്‌പെൻഡ് ചെയ്യും


കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം.

അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ പറയുന്നു. അപകടത്തിൽപെട്ട ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണ് മരിച്ച പതിനൊന്നുകാരി ഇരുന്നത്.

അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേദ്യപഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ 18 കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group