തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയിൽ വിരുദ്ധ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒരുപാട് കാര്യങ്ങളിൽ ലോകത്തിന് മാതൃകയാണ്. ഏതെങ്കിലും കാര്യത്തിൽ മാതൃകയാക്കാൻ പറ്റാത്തതുണ്ടെങ്കിൽ അത് വലിച്ചെറിയിൽ ശീലമാണ്, അദ്ദേഹം പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നതിനെതിരായിട്ടാണ് ഒരാഴ്ച പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് എന്നും കേരളത്തിലെ 20000 തദ്ദേശ ജനപ്രതിനിധികൾ, എം എൽ എമാർ, മന്ത്രിമാർ എന്നിവരെല്ലാം ഈ ക്യാമ്പയിനിന്റെ ഭാഗമാകും. ബോധവത്ക്കരണം മാത്രമല്ല ഉദ്ദേശിക്കുന്നത് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ എന്താണ് ശിക്ഷയെന്ന് ബോധ്യപ്പെടുത്തും.
പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10000 രൂപ വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ - പഞ്ചായത്ത് രാജ് ആക്ടുകൾ പ്രകാരം ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫോട്ടോയെടുക്കാാം കാശ് നേടാം:
മാലിന്യം വലിച്ചെറിയുന്ന നിയമ ലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വീഡിയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.
ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് ഈടാക്കുന്ന പിഴയിൽ നിന്ന് വിവരം കൈമാറിയ ആൾക്ക് നിശ്ചിത ശതമാനം തുക പാരിതോഷികമായി ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ട് വരണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു.
Post a Comment