Join News @ Iritty Whats App Group

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ ഒരുങ്ങി; വിളംബര ജാഥ ഇന്ന്; മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും


നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിളംബര ജാഥ ഇന്ന് നടക്കും. വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ ഗ്രൗണ്ട്, പുത്തന്‍വീട്ടില്‍പ്പടി പഴവന ഗ്രൗണ്ട് എന്നിവടങ്ങളില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥകളില്‍ 12,000 കുടുംബശ്രീ വനിതകള്‍ പങ്കെടുക്കും. ഐ. ടി . ഐ ഗ്രൗണ്ടില്‍ ചെങ്ങന്നൂര്‍ നഗരസഭ, ചെന്നിത്തല, ആലാ , വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളിലെയും പഴവന ഗ്രൗണ്ടില്‍ ബുധനൂര്‍ ,പാണ്ടനാട്, ചെന്നിത്തല, മാന്നാര്‍, ചെറിയനാട്,പുലിയൂര്‍ ,തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെയും വനിതകളാണ് ജാഥയില്‍ അണിനിരക്കുക.

സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ് ,സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ മേളയ്ക്കായി വിപുലമായ ഒരുക്കുങ്ങളാണ് നടത്തിയിയിരിക്കുന്നത്.
മന്ത്രിമാര്‍, എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. 80 സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ സരസ് മേളയുടെ പതാകയേന്തി മുന്‍നിരയില്‍ നീങ്ങും.

കഥകളി, തെയ്യം , നാടന്‍ കലാരൂപങ്ങള്‍, പുലികളി , സ്‌കേറ്റിംഗ്, ശിങ്കാരി കാവടി, പാവകളി , ആദിവാസി നൃത്തം, ബാന്റ്, പഞ്ചവാദ്യം എന്നിവയ്ക്കു പുറമേ
വിവിധ സി.ഡി .എസുകള്‍ ഒരുക്കുന്ന നിശ്ചല ദൃശ്യങ്ങളും ജാഥയില്‍ അണി നിരക്കും.ഇരു ജാഥകളും മേള നടക്കുന്ന സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് കേരളീയ വേഷമണിഞ്ഞ ആയിരം കുടുംബശ്രീ വനിതകളുടെ കൂട്ടപ്പാട്ട് ആരംഭിക്കും. ചേര്‍ത്തല രാജേഷ് അവതരിപ്പിക്കുന്ന പുല്ലാംങ്കുഴല്‍ ഫ്യൂഷനും ഉണ്ടാകും.

മേളയുടെ ഉദ്ഘാടനം 20 ന് വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിര്‍വ്വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. സരസ്മേളയില്‍ പ്രവേശനം സൗജന്യമാണ്.

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ നല്‍കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകള്‍ ഒരുങ്ങും.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്മേളക്കാണ് ചെങ്ങന്നൂര്‍ ആതിഥ്യമരുളന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group