Join News @ Iritty Whats App Group

അറസ്റ്റ് ഒഴിവാക്കണം, റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം; കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും സംഘവും



തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ
കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കാന്‍ പാടാണെന്നുള്ള നിയമേപദേശത്തെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിനെ ഉള്‍പ്പെടുത്തി ചാനല്‍ തയാറാക്കിയ ടെലി സ്‌കിറ്റാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമസമിതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ സ്‌ക്രിപ്റ്റ് തയാറാക്കി ചെയ്തതാണ് ഈ പരിപാടിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ലൈംഗികപരമായ ഒരു തരത്തിലുള്ള കുറ്റകൃത്യവും ഇതിലൂടെ നടത്തിയിട്ടില്ല.

വാര്‍ത്താ അവതരണത്തിനിടയില്‍ അവതാരകനും റിപ്പോര്‍ട്ടര്‍മാരും തമ്മില്‍ സംസാരിക്കുന്നതിനിടെയുണ്ടായ പരാമര്‍ശങ്ങളെയാണ് ലൈംഗികച്ചുവയോടെയുള്ള ദ്വയാര്‍ഥ പ്രയോഗമായി പറയുന്നത്. ഹര്‍ജിക്കാര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group