Join News @ Iritty Whats App Group

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ


മലപ്പുറത്ത് നവവധുവിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് എന്ന 19കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.

മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നതോടെയാണ് പെണ്‍കുട്ടിയുടെ മരണ വിവരം പുറത്തറിയുന്നത്. എന്നാല്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി അവഹേളിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഷഹാനയെ നിര്‍ബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group