ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച് എം പി വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസിന് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലടക്കം ലോകത്ത് പല രാജ്യങ്ങളിലും നേരത്തേ തന്നെ എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥീകരിച്ച രണ്ട് കുട്ടികൾക്കും വിദേശയാത്രാ പശ്ചാത്തലമില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ചൈനയിൽ പടരുന്ന വൈറസുമായി ഈ കേസുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കർണാടകയിൽ രണ്ട് കുഞ്ഞുങ്ങൾക്കാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. 3 ഉം 8 ഉം മാസം പ്രായമുള്ള കുട്ടികളിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്.
3 മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. 8 മാസം പ്രായമുള്ള കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില ആശ്വാസകരമാണെന്നാണ് റിപ്പോർട്ട്. അതേസമയം നിലവിൽ ഭീതിപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. ഇന്ത്യയിൽ ആദ്യമായല്ല എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടേയും സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
'ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈനയിൽ വ്യാപിക്കുന്നത് എച്ച്എംപിവിയുടെ പുതിയ വകഭേദമാണ്. വൈറസിനെ സംബന്ധിച്ച് വിശദമായ വിവരം നമ്മുക്കില്ല. കേന്ദ്രസർക്കാർ ഈ വിവരം ശേഖരിച്ച് വരികയാണ്. ചൈനയിലേത് പുതിയ വകഭേദമാണെങ്കിലും ഇന്ത്യയിലെ വൈറസ് മുൻപും ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പൊതുവെ തണുപ്പ്, ചുമ പോലുള്ള ലക്ഷങ്ങളാണ് വൈറസ് സ്ഥിരീകരിച്ചാൽ ഉണ്ടാകുക. രോഗം ബാധിച്ചാൽ ഗുരുതരമാകില്ല. വളരെ പെട്ടെന്ന് തന്നെ അസുഖം ഭേദമാകുകയും ചെയ്യും', മന്ത്രി പറഞ്ഞു.
അതേസമയം ചൈനയിൽ രോഗം അതിതീവ്രമായി വ്യാപിക്കുകയാണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി ചൈനയിലെ മലയാളികൾ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഭീതിതമായ യാതൊരു സാഹചര്യവും ഇല്ലെന്നും ജനജീവിതം സാധാരണമാണെന്നുമാണ് മലയാളികൾ വ്യക്തമാക്കിയത്. വീഡിയോ അടക്കമാണ് പലരും പങ്കിട്ടത്.
Post a Comment