മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ അക്രമണത്തില്‍ ദുരൂഹതയേറുന്നു. താരത്തെ അക്രമികള്‍ വീടിനുള്ളില്‍ തന്നെ ഒളിച്ചിരുന്ന് പതിയിരുന്ന് ആക്രമിക്കുകയായിരുന്നോ എന്ന സംശയം ഉയരുന്നു. പുലര്‍ച്ചെ 2.30 യോടെ ആക്രമണം നടന്നതെന്ന് കരുതുന്ന സംഭവത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരെങ്കിലും പുറത്തുനിന്നും വന്നതായി സിസിടിവി ദൃശ്യങ്ങളില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെയ്ഫ് അലി ഖാന്റെ വീട്ടിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ആരും അകത്ത് പ്രവേശിക്കുന്നത് പതിഞ്ഞിട്ടില്ലെന്നും അക്രമികള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ച് കാത്തിരിക്കുകയായിരുന്നു എന്നുമാണ് പോലീസ് സംശയിക്കുന്നത്. പിന്നീട് സംഘര്‍ഷത്തിന് ഇടയില്‍ 54 കാരനായ നടനെ ആറ് തവണ കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയാിരുന്നു. അക്രമിയെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരും അകത്തു കടന്നതായി കാണുന്നില്ലെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നടനും നുഴഞ്ഞുകയറ്റക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ കുത്തി എന്നാണ് പോലീസ് പറയുന്നത്.
അതേസമയം നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന ബാന്ദ്രയില്‍ നടന്ന ആക്രമണം മുംബൈ പോലീസിന് തിരിച്ചടിയായി. അക്രമസംഭവത്തോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു രംഗത്ത് വന്നിട്ടുണ്ട്് സെലിബ്രിറ്റികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്ന് പ്രതിപക്ഷം ചോദിച്ചു. നടന് ആറ് കുത്തേറ്റിട്ടുണ്ട്, അവയില്‍ രണ്ടെണ്ണം ആഴത്തിലും ഒരെണ്ണം നട്ടെല്ലിന് സമീപവുമാണ്. മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തുകയാണ്. മുംബൈയിലെ ക്രമസമാധാന നിലയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
''മുംബൈയില്‍ ജീവനുവേണ്ടിയുള്ള മറ്റൊരു ഹീനമായശ്രമം കാണുന്നത് ലജ്ജാകരമാണ്, സെയ്ഫ് അലി ഖാനെതിരായ ആക്രമണം മുംബൈ പോലീസിനെതിരേ വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. വന്‍കിടക്കാരെ ലക്ഷ്യമിട്ട് മുംബൈയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കാണിക്കുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ ആക്രമണവും നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പും മിസ് ചതുര്‍വേദി ഉന്നയിച്ചു.
Post a Comment