മലപ്പുറം: സംസ്ഥാന കലോത്സവ റിപ്പോർട്ടിംഗിനിടെ ദ്വയാർഥ പ്രയോഗം നടത്തിയതിന് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറാണ് കേസിൽ ഒന്നാം പ്രതി.
റിപ്പോർട്ടർ ഷഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ അറിയിച്ചിരുന്നു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
Post a Comment