Join News @ Iritty Whats App Group

അമരക്കുനിയില്‍ വേട്ട തുടർന്ന് കടുവ; വീണ്ടും ആടിനെ കടിച്ച് കൊന്നു, വീട്ടുകാർ ബഹളം വച്ചതോടെ ഓടിമറഞ്ഞു


വയനാട്​: വയനാട് അമരകുനിയിൽ ഇറങ്ങിയ കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെ കടുവ വീണ്ടും ആടിനെ പിടിച്ചു. ഊട്ടിക്കവലയിൽ ബിജുവിന്റെ ആടിനെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കടുവ കടിച്ച് കൊന്നത്. വീട്ടുകാർ ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഇരുട്ടിലേക്ക് മറഞ്ഞു. കടുവക്കായി കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ്.

അതേസമയം, കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതിനിടെ, കടുവയെ ഒരു കാപ്പി തോട്ടത്തിൽ കണ്ടെത്തിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. എന്നാൽ കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി വെക്കുന്നത് ദുഷ്കരമാണ്. തുറസ്സായ സ്ഥലത്തേക്ക് മാറ്റി മയക്കുവെടിക്കാനാണ് ശ്രമം നടത്തുന്നത്. ഇന്ന് തന്നെ കടുവയെ പിടികൂടാൻ ആകുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

പുൽപള്ളി അമരക്കുനിയിൽ ആടിനെ പിടിക്കും കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ജനുവരി 7, 9, 13, തീയതികളിൽ ആയിരുന്നു കടുവയുടെ വളർത്തുമൃഗവേട്ട. ഒടുവിൽ പിടിച്ച ആടിനെ കടുവയ്ക്ക് തിന്നാനായിട്ടില്ല. അതിനാൽ, ഇരതേടി എത്തും എന്ന പ്രതീക്ഷയിൽ നാല് കൂടുകളിൽ കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ്. കടുവ കൂട്ടിൽ ആകുന്നതിന് കാക്കാതെ, തേടിപിടിച്ചു മയക്കുവെടി വയ്ക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും വളർത്ത് മൃഗങ്ങളെ പിടിച്ചാൽ, വലിയ പ്രതിഷേധത്തിനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group