Join News @ Iritty Whats App Group

'അച്ഛൻ സമാധിയായി, സ്ലാബിട്ട് മൂടിയെന്ന് മകൻ'; നെയ്യാറ്റിൻകരയിൽ വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുക്കും


തിരുവനന്തപുരം: ബാലരാമപുരത്ത് സമാധിയായെന്ന് പറഞ്ഞ് മകന്‍ സ്ലാബിട്ട് മൂടി. ചുമട്ട് തൊഴിലാളിയായ ഗോപന്‍ (78)നെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് പോലീസിന്റെ തീരുമാനം.

സംഭവം വിവാദമായതോടെ അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി. ഇതിന് ശേഷം സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു. ബന്ധുജനങ്ങളില്‍ 'സമാധി'ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന്‍ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടുവന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന്‍ പറഞ്ഞു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നതെന്നും മകന്‍ വ്യക്തമാക്കി .'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും 'ഞാന്‍ മരണപ്പെടുമ്പോള്‍ എന്നെ സമാധിആക്കണം' എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരണപ്പെട്ടതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.

സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടറുടെ തീരുമാനം ഇന്നറിയാം. തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് പോലീസ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group