Join News @ Iritty Whats App Group

ഒരാഴ്ചയായി ആരും എടുക്കാത്ത കാർ, നമ്പർ നോക്കി ഉടമയെ വിളിച്ചപ്പോൾ അയാളുടെ കാർ വീട്ടിലുണ്ട്; അന്വേഷണം തുടങ്ങി




ബംഗളുരു: ഒരാഴ്ചയിലധികമായി ആരും എടുക്കാൻ വരാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ നീക്കം ചെയ്യാനെത്തിയ പൊലീസിനെ കുഴക്കി നാടകീയ സംഭവങ്ങൾ. ബംഗളുരു അശോക് നഗർ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് നാട്ടുകാരിൽ ഒരാൾ ഒരു മാരുതി ഈകോ കാറിനെക്കുറിച്ച് വിവരം നൽകിയത്. സൊമ്മനഹള്ളിയിലെ വിവേക് നഗറിൽ ഒരാഴ്ചയിലധികമായി ഒരു മാരുതി ഈകോ കാർ നിർത്തിയിട്ടിരിക്കുകയാണെന്നും ഇത് നീക്കം ചെയ്യണമെന്നുമായിരുന്നു തൊട്ടടുത്ത വീട്ടിലെ താമസക്കാരന്റെ ആവശ്യം.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ചു. KA-01-MM-5544 നമ്പർ വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ ആർടിഒ അധികൃതരെ ബന്ധപ്പെട്ടു. അവിടെ നിന്ന് ഉടമയുടെ നമ്പർ കിട്ടി. ഫോൺ വിളിച്ചപ്പോൾ കിട്ടിയ ആളോട് ഈ നമ്പറിലുള്ള വാഹനം എന്താണ് ഇങ്ങനെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ അമ്പരന്നു. തന്റെ വാഹനവും മാരുതി ഈകോ തന്നെ ആണെങ്കിലും അത് തന്റെ വീട്ടിൽ തന്നെ ഉണ്ടെന്നായിരുന്നു മറുപടി. വിൽസൺ ഗാർഡന് സമീപമായിരുന്നു ഉടമയുടെ വീട്.

വാഹനം അശോക് നഗർ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറഞ്ഞപ്പോൾ ഉടമ സമ്മതിച്ചു. അജ്ഞാത വാഹനവും കെട്ടിവലിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് വാഹനങ്ങൾക്കും ഒരേ നമ്പർ. രേഖകൾ പരിശോധിച്ചപ്പോൾ യഥാർത്ഥ നമ്പർ വിൽസൺ ഗാർഡൻ സ്വദേശിയുടേതാണെന്നും ഉപേക്ഷിക്കപ്പെട്ട കാറിലുള്ളത് വ്യാജ നമ്പറാണെന്നും കണ്ടെത്തി. എ‌ഞ്ചിൻ നമ്പറും ഷാസി നമ്പറും ഉപയോഗിച്ച് ഈ കാറിന്റെ യഥാർത്ഥ നമ്പറും ഉടമയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്തിടെ വേറെയും വാഹനങ്ങളെ ഇത്തരത്തിൽ വ്യാജ നമ്പറുമായി കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാവാമെന്ന സംശയത്തിലാണ് പൊലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group