Join News @ Iritty Whats App Group

എച്ച്എംപിവി വൈറസ്: ‘മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം’; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്


രാജ്യത്ത് ആദ്യ ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ എച്ച്എംപിവിയെ നേരിടാൻ തയ്യാറെടുത്ത് ഡൽഹി സർക്കാർ. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്നും ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ, ലാബ് സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാൽ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐഎച്ച്ഐപി) പോർട്ടലിൽ റിപ്പോ‌‍ർട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

പാരസെറ്റമോൾ, ആൻ്റി ഹിസ്റ്റാമൈൻസ്, ബ്രോങ്കോഡിലേറ്ററുകൾ, കഫ് സിറപ്പുകൾ തുടങ്ങിയ മരുന്നുകളും ഓക്‌സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ കേസുകളിൽ മുൻകരുതലുകൾ എടുത്തുകൊണ്ട് ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണം.

ഇന്റ​ഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോ​ഗ്രാം (IDSP), നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC), ലോകാരോഗ്യ സംഘടന (WHO) എന്നിവയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ പ്രകാരം 2025 ജനുവരി 2 വരെ ഇന്ത്യയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഡൽഹിയിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ ഡോ.വന്ദന ബ​ഗ്​ഗ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ഉന്നതതല യോ​ഗം വിളിച്ചു.

അതേസമയം ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ചൈനീസ് വേരിയൻ്റ് തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group