Join News @ Iritty Whats App Group

പൊലീസും നാട്ടുകാരും നേരിൽ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച് കൂടുതൽ പേർ, പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ


പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ നടത്തി. രാത്രി ഒൻപതരയോടെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും പ്രതിക്കായി പ്രദേശത്ത് തെരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചു.

മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരായ ചിലർ ചെന്താമരയെ കണ്ടത്. ഒരു പൊലീസുകാരനും ചെന്താമരയെ കണ്ടെന്ന് പറഞ്ഞു. ഇതോടെ പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ.

ഇരട്ട കൊലപാതകം നടന്ന പോത്തുണ്ടിയിൽ നിന്നും ചെന്താമരയെ കണ്ടെന്ന് പറയുന്ന മാട്ടായിലേക്ക് നാല് കിലോമീറ്ററാണ് ദൂരം. മാട്ടായിൽ നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ നെല്ലിക്കാടുള്ള വീട്ടിലേക്ക് ഒരു കിലോമീറ്ററാണ് ദൂരം. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസിൻ്റെ സംശയം.

ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൌണ്ടിൽ ഇരിക്കുകയായിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. പിന്നാലെ വിവരം കൂടുതൽ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. ഇവിടെ മട്ടായി കുന്നിന് സമീപത്ത് അടക്കം തെരച്ചിൽ നടക്കുന്നുണ്ട്. പ്രദേശത്ത് പഞ്ചായത്തിൻ്റെ വലിയ വാട്ടർ ടാങ്കിൽ അടക്കം തെരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post