Join News @ Iritty Whats App Group

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും; മുഖ്യമന്ത്രി 'കവച്' നാടിന് സമർപ്പിക്കും


തിരുവനന്തപുരം: കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് നടക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്. 

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് ജനുവരി 21ന് നാടിന് സമർപ്പിക്കുന്നത്. 

അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ, സ്ഥല അധിഷ്ഠിത എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ആണ് സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചിട്ടുള്ളത്. ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇഒസികളിൽ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് അറിയിപ്പ് സന്ദേശങ്ങളും സയറൺ വിസിൽ സന്ദേശങ്ങളുമായി നൽകും. ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിവിധ ഭാഗങ്ങളിൽ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

നിലവിലെ അറിയിപ്പുകൾ പ്രകാരം എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളും മുഴങ്ങും. പള്ളിപ്പുറം സൈക്ലോൺ സെന്റ൪, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ബോയ്സ് എച്ച്.എസ്. എസ്., ആലുവ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, ശിവ൯കുന്ന്, മുവാറ്റുപുഴ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, മുടിക്കൽ, ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം, ഡിഇഒസി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിട്ടുള്ളത്

മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ 6 സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്.എസ്.എസ്, ചാലക്കുടി), കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴങ്ങും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group