Join News @ Iritty Whats App Group

മകൾക്ക് ഓട്ടിസം, സ്ഥലമിടപാടിൽ ബന്ധുവിന്റെ ചതി, ടെക്കി യുവാവിന്റെ ആത്മഹത്യ സംസ്കാര ചടങ്ങിനുള്ള പണം നൽകിയ ശേഷം


ബെംഗളൂരു: പെട്രോൾ പമ്പ് തുടങ്ങാനായി മുടക്കിയത് 25 ലക്ഷം. സ്ഥാപനം തുടങ്ങാനാവാതെ കടക്കെണിയിലായ സമയത്ത് മകൾ ഓട്ടിസം ബാധിതയാണെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവിൽ യുപി സ്വദേശികളായ കുടുംബം ജീവനൊടുക്കിയതിന് പിന്നിൽ മകളുടെ രോഗവും കടക്കെണിയുമെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ 38കാരൻ അനൂപ് കുമാർ ഭാര്യയും 35കാരിയുമായ രാഖി എന്നിവരാണ് അഞ്ച് വയസുള്ള മകൾ അനുപ്രിയ, രണ്ട് വയസ് പ്രായമുള്ള മകൻ പ്രിയാൻശ് എന്നിവർക്ക് വിഷം നൽകിയ ശേഷം ഞായറാഴ്ച ജീവനൊടുക്കിയത്. 

ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേൽ ഉദ്യോഗസ്ഥന് കടുംകൈ ചെയ്യുന്നതിന് മുൻപ് മൃത സംസ്കാര ചടങ്ങുകൾക്കായി ഒരു ലക്ഷം രൂപ അയച്ച ശേഷമായിരുന്നു അനൂപ് കുമാർ തൂങ്ങിമരിച്ചത്. അമ്മയുടെ സഹോദരന്റെ പ്രേരണയിൽ പെട്രോൾ പമ്പ് തുടങ്ങാനായി 25 ലക്ഷം രൂപ മുടക്കിയത് മുതലാണ് യുവാവിന് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. 2018ലാണ് യുവാവ് പെട്രോൾ പമ്പിനായി പണം മുടക്കിയത്. എന്നാൽ വിവിധ കാരണങ്ങളാണ് പമ്പ് തുടങ്ങാനായിരുന്നില്ല. ഇതിനായി വാങ്ങിയ സ്ഥലം വിറ്റുനൽകണമെന്ന ആവശ്യത്തോട് മാതൃ സഹോദരൻ മുഖം തിരിക്കുകയും ചെയ്തു. പ്രീ സ്കൂളിൽ മകളെ വിട്ടു തുടങ്ങിയതിന് പിന്നാലെയാണ് കുട്ടിയിലെ അസ്വഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെടുന്നതും പരിശോധനകൾ നടത്തുന്നതും. മകൾ ഓട്ടിസം ബാധിതയാണെന്ന് മനസിലായതോടെ യുവാവിന്റെ പിതാവ് അടക്കമുള്ളവർ ഇവരുമായുള്ള അടുപ്പം കൂടി നിയന്ത്രിച്ചതും നാലംഗ കുടുംബത്തെ വലച്ചിരുന്നു. 

രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ രാഖി ജോലി രാജി വച്ചതോടെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം അനൂപ് കുമാറിന്റെ മേൽ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂമി വിൽക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവാവും ഭാര്യയും കടുത്ത തീരുമാനം സ്വീകരിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച അർധരാത്രിയോടെയാണ് മേലധികാരിക്ക് അനൂപ് കുമാർ പണം അയയ്ക്കുന്നത്. ഇത് യുവാവിന്റെ മരണ ശേഷമാണ് മേലധികാരിയുടെ ശ്രദ്ധയിൽ വന്നത്. മൃതദേഹം ബെംഗളൂരുവിൽ തന്നെ സംസ്കരിക്കണമെന്നും മറ്റെവിടേക്കും കൊണ്ടുപോകേണ്ടതില്ലെന്നും വിശദമാക്കുന്ന സന്ദേശവും അനൂപ് മേലധികാരിക്ക് നൽകിയിരുന്നു. 


പൊലീസിന് ബന്ധപ്പെടാനുള്ള സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോൺ നമ്പറുകൾ മുറിയിലെ കണ്ണാടിയിലും ടിവിയുടെ മുകളിലും എഴുതി വച്ചിരുന്നു. വീട്ടുജോലിക്കാരിയുടെ നമ്പറും ഇതിൽ നൽകിയിരുന്നു. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബെംഗളൂരുവിൽ ഐടി സ്ഥാപനത്തിൽ കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു അനൂപ് കുമാർ. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Join Our Whats App Group