Join News @ Iritty Whats App Group

‘ജിതിൻ മരിക്കാത്തതിൽ നിരാശ, പശ്ചാത്താപമില്ല’; മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടും ക്രൂരനായി റിതു


ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് ചേന്ദമംഗലം കൂട്ട കൊലപാതകക്കേസിലെ പ്രതി റിതു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിൻറെ കസ്റ്റഡി അവസാനിക്കും.

അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിൻ ബോസിൻറെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേന്ദമം​ഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ​

കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ.

2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group