കൊച്ചി: എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.
സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അപ്പീല്‍ പോകുമെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നും കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കു എന്നുമായിരുന്നു കുടുംബത്തിന്റെ വാദം.
എന്നാല്‍ നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. നവീന്‍ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് എന്നും ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ല എന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കോടതി പറഞ്ഞാല്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചിരുന്നു.
അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ മതിയായ തെളിവ് വേണമെന്നും വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആക്ഷേപം.
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി പിന്നീട് ജാമ്യം നല്‍കുകയായിരുന്നു. ശേഷം പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗമായി സിപിഐഎം നിയമിച്ചിരുന്നു.
Post a Comment