Join News @ Iritty Whats App Group

വെൻ്റിലേറ്റർ മാറ്റിയാൽ മരണമെന്ന് വിധിയെഴുതി; നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജീവനറ്റു, ഒടുവിൽ ജീവൻ്റെ തുടിപ്പ്


കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചയാൾക്ക് ജീവന്‍റെ തുടിപ്പ്. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയ കൂത്തുപറമ്പ് സ്വദേശി പവിത്രനാണ് രണ്ടാം ജന്മം. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പവിത്രന്‍റെ മരണവാർത്ത പത്രങ്ങളിലും വന്നിരുന്നു. 

'പാച്ചപ്പൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ പവിത്രൻ ,67 വയസ്സ് ,അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന്..' ചരമക്കോളത്തിൽ ഇങ്ങനെ കണ്ടു. പരേതൻ ഇപ്പോൾ എന്ത് ചെയ്യുന്നു? കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നു-എന്നാണ് മറുപടി. കണ്ണൂർ എകെജി ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡ് ജയനാണ് പവിത്രൻ്റെ ശരീരത്തിൽ ജീവന്‍റെ തുടിപ്പ് കണ്ടത്. അതിന് മുമ്പുണ്ടായതിങ്ങനെയാണ്.

ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു ഞായറാഴ്ച മുതൽ പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാച്ചെലവും കൂടിയായപ്പോൾ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്നും ഡോക്ടർമാർ വിധിച്ചിരുന്നു. അങ്ങനെ വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് പുറപ്പെട്ടു. വഴിയേ മിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാർത്തയും കൊടുത്തു. പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജയൻ അത് ശ്രദ്ധിച്ചത്, പവിത്രൻ കണ്ണ് തുറന്നിരിക്കുന്നു. ആളെ തിരിച്ചറിയുന്നു. പതിയെ പവിത്രൻ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group