Join News @ Iritty Whats App Group

ചേന്ദമംഗലം കൂട്ടകൊല: എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടേയും തലക്കടിച്ചെന്ന് ഋതു


കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി.



കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), , ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരുടെ പോസ്റ്റ്മോർട്ടം പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിൻ– വിനീഷ ദമ്പതികളുടെ മക്കളുടെ മുൻപിലായിരുന്നു ക്രൂരമായ ആക്രമണം.



ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങൾക്കു മുൻപാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകർത്ത സംഭവത്തിൽ ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നു വേണുവിന്റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group