ലഖ്നൗ: കാമുകിയുടെ ഭര്‍ത്താവിനെയും പിതാവിനെയും ഇല്ലാതാക്കാന്‍ കൊടുത്ത ക്വട്ടേഷനില്‍ വാടകക്കൊലയാളികള്‍ തട്ടിയത് മറ്റൊരാളെ. ലഖ്‌നൗവില്‍ നടന്ന സംഭവത്തില്‍ കൊലപാതകികള്‍ അറസ്റ്റിലായതാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയത്. മുഹമ്മദ് റിസ്വാന്‍ എന്ന ക്യാബ് ഡ്രൈവറുടെ മരണമാണ് ആളുമാറിയാണ് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
ഡിസംബര്‍ 30 ന് ലഖ്നൗവിലെ മദെഹ്ഗഞ്ചില്‍ നിന്ന് ഒരു മൃതദേഹം പോലീസ് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മരിച്ചയാള്‍ മുഹമ്മദ് റിസ്വാന്‍ ആണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ നിരീക്ഷണ സംഘവും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ലോക്കല്‍ പോലീസും അന്വേഷണം ആരംഭിച്ചു. അവര്‍ അഫ്താബ് അഹമ്മദ്, യാസിര്‍, കൃഷ്ണകാന്ത് എന്നിവരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അഫ്താബ് അഹമ്മദായിരുന്നു കൊലയാളികളെ വാടകയ്ക്കെടുത്തതെന്ന് പോലീസ് കണ്ടെത്തി.
അയാള്‍ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവിനെയും പിതാവിനെയും വധിക്കാന്‍ യാസിറിനെ കരാര്‍ ചെയ്തു. തുടര്‍ന്ന് യാസിര്‍ കൃത്യം നടത്താന്‍ കൃഷ്ണകാന്തിനെ കൂടി തന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 30 ന് രാത്രി അവര്‍ യുവതിയുടെ പിതാവ് ഇര്‍ഫാനെ കൊലപ്പെടുത്താന്‍ മദെഹ്ഗഞ്ചിലെത്തി. എന്നാല്‍ ഇര്‍ഫാനാണെന്ന തെറ്റിദ്ധരിച്ച് അവര്‍ മുഹമ്മദ് റിസ്വാനെ കൊലപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ഒരു നാടന്‍ തോക്ക്, 14 ലൈവ് ബുള്ളറ്റുകള്‍, മൂന്ന് സെല്‍ഫോണുകള്‍, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Ads by Google
Post a Comment