സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നടനെ ആക്രമിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ താനെയില്‍ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പേര് ബിജോയ് ദാസ് എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞതെന്നും എന്നാണ് പിന്നീട് മുഹമ്മദ് സജ്ജാദ് എന്നാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നുണ്ട്.
ഇയാളുടെ ഐഡന്റിറ്റി പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാജ തിരിച്ചറിയല്‍ രേഖയുള്ളതിനാല്‍ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റിക്കാട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. പ്രതി ഇവിടെ ആദ്യം ജോലി ചെയ്തിരുന്നതായും അതിനാല്‍ പ്രതിക്ക് സ്ഥലത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ടു ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
ശനിയാഴ്ച മധ്യപ്രദേശില്‍ നിന്നും പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കടന്നു കൂടിയ പ്രതി സെയ്ഫ്അലിഖാനെ ആറ് തവണ കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിന് സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു.
ഉടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സെയ്ഫിനെ നിലവില്‍ ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ കരീനയുടെത് അടക്കമുള്ള മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post a Comment