ഇരിട്ടി: ഇരിട്ടി നഗരസഭയിൽ പെട്ട ഉളിയിൽ കൂരൻ മുക്ക് - പെരിയത്തിൽ റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴ നട്ടും റീത്ത് വെച്ചും നാട്ടുകാരുടെ പ്രതിഷേധം. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമ്മാണം അനന്തമായി നീണ്ടുപോകുന്നതിൽ അമർഷം പ്രകടിപ്പിച്ചാണ് എളമ്പയിൽ റോഡിൻ്റെ മധ്യഭാഗത്ത് ബോർഡും റീത്തും വെച്ച് നാട്ടുകാർ പ്രതിഷേധം തീർത്തത്. ഒരാഴ്ച്ച മുമ്പ് ഈ റൂട്ടിൽ ഓടുന്ന ഓട്ടോറിക്ഷകൾ പണിമുടക്കിയിരുന്നു. അന്ന് നഗരസഭാ അധികൃതർ ചർച്ച നടത്തി ഉടൻ പ്രവൃത്തി തുടങ്ങുമെന്ന ഉറപ്പിന്മേൽ ഓട്ടോ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.
മൂന്ന് കിലോമിറ്ററോളം റോഡിൻ്റെ പെരിയത്തിൽ മുതൽ ഒന്നര കിലോമിറ്ററോളം ഭാഗം സണ്ണിജോസഫ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷവും അവശേഷിക്കുന്ന കൂരൻ മുക്ക് വരെയുള്ള ഭാഗം നഗരസഭ ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 31.5 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്. ഇരു പ്രവൃത്തികളുടെയും കരാർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചെങ്കിലും കുടിവെള്ള പൈപ്പ്ലൈൻ പ്രവൃത്തി നടത്തുന്നതിനാൽ റോഡ് നവീകരണം അനന്തമായി നീളുകയായിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ നഗരസഭ അധികൃതർ വാട്ടർ അതോറിറ്റി ഉദ്യേഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.
നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിൽ ഇരുഭാഗത്തും കുഴികളെടുത്തതോടെ കാൽ നടയാത്ര പോലും ദുസ്സഹമായ അവസ്ഥയാണ്. റോഡിനിരുവശത്തെ വീട്ടുകാർക്ക് പൊടിപടലങ്ങൾ മൂലം മാസ്ക് ഉപയോഗിച്ച് കഴിയേണ്ട അവസ്ഥയാണ്. റോഡ് പ്രവൃത്തി ഉടൻ തുടങ്ങിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ ജനങ്ങൾ.
പ്രവൃത്തി അടുത്ത മൂന്ന്ദിവസത്തിനകം തുടങ്ങാൻ കഴിയുമെന്നും സാധന സാമഗ്രികൾ ഇറക്കിയതായും നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അറിയിച്ചു. കുടിവെള്ള പൈപ്പ്ലൈൻ പ്രവൃത്തി സംബന്ധിച്ച് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റോഡ് പ്രവൃത്തി നീണ്ടുപോകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു..
Post a Comment