ഇരിട്ടി: ആറളം ഫാമിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി കുടുംബങ്ങൾ. രാത്രി കാലങ്ങളിൽ കൂട്ടമായി വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങളിൽ നിന്നും പല കുടുംബങ്ങളും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. പത്തു വർഷത്തിനുള്ളിൽ പതിനാലോളം പേരുടെ ജീവനെടുത്ത മേഖലയിൽ തങ്ങൾ ഓരോരുത്തരും ഏതു നേരവും കാട്ടാനകളുടെ ഇരകളാകാം എന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ കഴിയുന്നത്.
ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടനകൾ കൂട്ടമായി പുനരധിവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ മേഖലയിലെ ആദിവാസ കുടുംബങ്ങൾ മുഴുവൻ ഭീതിയിലാണ് . തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖല 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. പുരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന ആനക്കൂട്ടത്തേയും കണ്ടെത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രി ആന എത്തിയത്. വിവരം ലഭിച്ചയുടനെ വനം വകുപ്പ് ആർ ആർ ടി സംഘം എത്തി തുരത്തിയതിനാൽ ആണ് കുടുംബം വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ 7,9, 10,12, 13 ബ്ലോക്കുകളിലാണ് ആനശല്യം രൂക്ഷമായത്. ഇരുട്ട് പരക്കുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. വനം വകുപ്പിന്റെ ആർ ആർ ടി സംഘത്തിനും വിശ്രമമില്ലാത്ത രാത്രികളാണ് ഉണ്ടാകുന്നത്. ജനവാസ മേഖലയിൽ ആന എത്തിയാൽ അറിയിക്കാൻ പ്രദേശവാസികൾക്ക് വനം വകുപ്പ് വാട്‌സാപ്പ് നമ്പർ നൽകിയിരുന്നു. ഏതു നേരവും ഈ നമ്പറിലേക്ക് താമസക്കാരുടെ വിളിയാണ് ലഭിക്കുന്നത്.
ഫാമിൽ കശുവണ്ടി സീസൺ ആരംഭിച്ചതോടെ കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തി സജീവമായി നടക്കുകയാണ്. കശുുവണ്ടി തോട്ടങ്ങളിലെ പൊന്തക്കാടുകളിൽ കഴിഞ്ഞിരുന്ന ആനക്കൂട്ടങ്ങളാണ് കാട് വെട്ട് തുടങ്ങിയതോടെ അവിടെ നിന്നും മാറി ജനവാസ മേഖലയിലെ കാട് മുടിയ പ്രദേശത്തേക്ക് തങ്ങളുടെ താവളം മാറ്റിയിരിക്കുന്നത് . വയനാട്ടിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ 400-ൽ അധികം ഏക്കറുകളും കാട് മൂടി കിടക്കുകയാണ്. വർഷങ്ങളായി കാട് വെട്ടിതെളിയിക്കാത്ത പ്രദേശമാണിത്.
ഇവിടങ്ങളിൽ ഭൂമി കിട്ടിയവരിൽ 80 ശതമാനത്തിലധികം പേരും വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിൽ കുറെ പേർ തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് ആദിവാസി പുനരധിവാസ മിഷന് അപേക്ഷയും നൽകിയിരുന്നു. ആദിവാസി പുനരധിവാസ മിഷന്റെ അധീനതയിലായ ഭൂമിയിലെ കാടുകൾ വെട്ടിതെളിയിക്കണമെന്ന് വനം വകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ടി ആർ ഡി എം ഇതിന് അനുകൂലമാണെങ്കിലും കാട് വെട്ടുന്നതിനുള്ള ടെണ്ടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. പുരധിവാസ മേഖലയിലെ മറ്റ് ബ്ലോക്കുകളിലും കാട്ടാനകൾക്ക് പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കാൻ പാകത്തിൽ വലിയ കൂടുകൾ വളർന്നിട്ടുണ്ട്. ഇവിടുത്തെ കാട് വെട്ടിതെളിയിക്കാൻ കഴിഞ്ഞാൽ കാട്ടാനകൾ കൂടുതൽ സുരക്ഷിത താവളം തേടി ആറളം വന്യജീവി സങ്കേത്തതിലേക്ക് കടത്താനുള്ള സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
രാതിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് ഇപ്പോൾ കാട്ടാനകൾ ജനവാസ മേഖലയിൽ വിഹരിക്കുന്നത്. ഇത് വലിയ അപകട സാദ്ധ്യത ആണ് ഉണ്ടാക്കുന്നത്. ഏഴാം ബ്ലോക്കിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തോയൻ വിനുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡും പട്ടിക്കൂടും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. വാഴയും കശുമാവ് ഉൾപ്പെടെ ഉള്ള ഫലവൃക്ഷങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്കൂട്ടം വ്യാപകനാശമാണ് വരുത്തിയിരിക്കുന്നത്. തൂക്ക് വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയിട്ടും മേഖലയിൽ തൂക്ക് വേലി തകർത്തും മരച്ചീനി കൃഷി ഉൾപ്പെടെ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇപ്പോഴും ദിനം പ്രതി നിരവധി തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തുന്നത്. കശുമാങ്ങയുടെയും ചക്കയുടെയും ഉദ്പ്പാടം തുടങ്ങുന്നതോടെ ആനശല്യം കൂടാനാണ് സാധ്യത.
Post a Comment